മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതിനെ ചോദ്യം ചെയ്ത് മധു പൂർണിമ കിശ്വർ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി.
“ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം” ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ അനിവാര്യ ഭാഗമാണെന്നും ഇത് ജനാധിപത്യത്തിന്റെ ഒരു സ്തംഭമായി കണക്കാക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മധു കിശ്വർ ഈ ഹർജി നൽകിയിരിക്കുന്നത്.
ജുഡിഷ്യറിയുടെ കരുത്ത് ഈ രാജ്യത്തെ പൗരന്മാർക്ക് അതിന്മേലുള്ള വിശ്വാസത്തിലാണ്, ഹർജിയിൽ പറയുന്നു. മുൻ ചീഫ് ജസ്റ്റിസിനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുള്ള, ഇതുപോലത്തെ ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു പ്രവൃത്തിയും ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തിന് തുല്യമാണെന്ന് ഹർജിയിൽ പറയുന്നു.
“ഇന്ത്യൻ രാഷ്ട്രപതി രാജ്യസഭാംഗമായി അദ്ദേഹത്തെ (ഗോഗോയി) നാമനിർദ്ദേശം ചെയ്ത നടപടിക്ക് ഒരു രാഷ്ട്രീയ നിയമനത്തിന്റെ നിറമുണ്ട്, അതിനാൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സുപ്രീം കോടതി നൽകിയ വിധിന്യായങ്ങളുടെ വിശ്വാസ്യതയിൽ സംശയത്തിന്റെ നിഴൽ വീണിരിക്കുന്നു. ”ഹർജിയിൽ പറയുന്നു.
Read more
തിങ്കളാഴ്ച വൈകുന്നേരം രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഗോഗോയിയെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതായി കേന്ദ്രസർക്കാർ അറിയിച്ചു. അധികാര വിഭജനത്തെയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും ഇത് ബാധിക്കുമോ എന്ന ആശങ്കയെ തുടർന്ന് അദ്ദേഹത്തിന്റെ നാമനിർദ്ദേശം വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനത്തിന് ഇടയാക്കി.