പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണം; സമാധാനം പുന:സ്ഥാപിക്കാൻ മുൻകൈ എടുക്കണം: രാഹുൽ ഗാന്ധി

സംഘർഷം ശക്തമാകുന്ന മണിപ്പുർ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദർശിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്തി എത്രയും വേ​ഗം മണിപ്പൂർ സന്ദർശിക്കണമെന്നും പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാൻ മുൻകൈ എടുക്കണമെന്നും രാ​ഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുലിൻ്റെ ആവശ്യം.

മണിപ്പൂരിൽ നടക്കുന്ന ആക്രമണപരമ്പരയും രക്തച്ചൊരിച്ചിലും വിഷമിപ്പിക്കുന്നുവെന്നും കുറിപ്പിൽ രാഹുൽ ​ഗാന്ധി ചൂണ്ടിക്കാണിച്ചു. ഒരു വർഷത്തോളം നീണ്ടു നിന്ന വിഭാ​ഗീയതയ്ക്കും സഹനത്തിനും ശേഷം സംസ്ഥാന-കേന്ദ്ര സ‍ർക്കാരുകൾ പ്രശ്നങ്ങൾ പരിഹരിക്കാൻ പരിശ്രമിക്കുമെന്നാണ് എല്ലാ ഇന്ത്യാക്കാരും പ്രതീക്ഷിച്ചിരുന്നതെന്നും രാഹുൽ വ്യക്തമാക്കി.

അതേസമയം മണിപ്പൂരില്‍ സംഘര്‍ഷം ശക്തമായതോടെ ഇംഫാല്‍ താഴ്‌വരയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലാണ് കര്‍ഫ്യൂ. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. പ്രതിഷേധക്കാര്‍ രണ്ട് മന്ത്രി മന്ദിരങ്ങള്‍ക്ക് നേരെയാണ് കല്ലെറിഞ്ഞത്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ സ്വകാര്യ വസതിയ്ക്ക് നേരെയും കല്ലേറുണ്ടായി.