പണം കണ്ടെത്താനുള്ള കുറുക്കുവഴിക്ക് ഒളിക്യാമറയുമായിറങ്ങിയ യുവതിയും കാമുകനും പൊലീസ് പിടിയിലായി. ഛണ്ഡീഗഢിലാണ് സംഭവം. പിജി വിദ്യാർഥികൾ പേയിങ് ഗസ്റ്റുകളായി താമസിക്കുന്ന വീട്ടിൽ കൂട്ടത്തിലുള്ള ഒരാൾ തന്നെയാണ് ക്യാമറ വച്ചത്.കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിക്കുകയും നാല് കൂട്ടുകാരികളുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് കേസ്.
പിടിയിലാതോടെ കാമുകന്റെ നിർദേശപ്രകാരമാണ് ഒളിക്യാമറ സ്ഥാപിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.ബാത്ത്റൂമിൽ ക്യാമറ സ്ഥാപിക്കാനുള്ള ആശയം ലഭിച്ചത് ‘ദി കേരള സ്റ്റോറി’ എന്ന സിനിമയിൽ നിന്നാണെന്നും ഇവർ സമ്മതിച്ചു.എന്നാൽ ക്യാമറയിലോ, ഫോണുകളിലോ വീഡിയോ കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ഫോണുകൾ പൊലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശിയാണ് പിടിയിലായ യുവതി. ഇവർ ഐഇഎൽടിഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഛണ്ഡിഗഡിലെ പിജിയിൽ താമസിച്ചു വരികയായിരുന്നു. കൂടെ താമസിച്ചിരുന്ന കുളിമുറിയിൽ സംശയാസ്പദമായ ഒരു ഉപകരണം കണ്ട സ്ത്രീകളിലൊരാൾ ഉടമയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് ഇവർ പൊലീസിനെ വിവരമരിയിച്ചു. പരിശോധനയിൽ ഒരു യുവതിയുടെ പൊലീസ് വെരിഫിക്കേഷൻ ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് പിജി ഉടമ പറഞ്ഞതോടെ പൊലീസിന് സംശയമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെ യുവതിയുടെ കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു.
Read more
‘ദി കേരള സ്റ്റോറി’ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ഒളിക്യാമറ സ്ഥാപിച്ചതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354 സി, 509, ഐടി ആക്‌ട് സെക്ഷൻ 66 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.