രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി പാര്‍ട്ടികള്‍ വാരിയെറിഞ്ഞത് കോടികള്‍, മുന്നിൽ ബി.ജെ.പി; കണക്കുകൾ പുറത്തുവിട്ട് ഗൂഗിൾ

രാഷ്ട്രീയ പരസ്യ പ്രചാരണങ്ങള്‍ക്കായി കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കൊണ്ട് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചിലവാക്കിയത് 59.5 കോടിയിലേറെ രൂപയെന്ന് റിപ്പോർട്ട്. ഏപ്രില്‍ നാലിന് പുറത്തുവിട്ട സുതാര്യതാ റിപ്പോര്‍ട്ടിലാണ് ഗൂഗിള്‍ ഇത് വിശദമാക്കിയിരിക്കുന്നത്. രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് ബിജെപിയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

ഗൂഗിള്‍, യൂട്യൂബ് എന്നിവയിലും കമ്പനിയുടെ പങ്കാളിത്തമുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലുമായി പങ്കുവെക്കപ്പെട്ട രാഷ്ട്രീയ പരസ്യങ്ങളുടെ വിവരങ്ങളാണ്  സുതാര്യതാ റിപ്പോര്‍ട്ടില്‍ ഗൂഗിള്‍ വിശദമാക്കിയിരിക്കുന്നത്. 21,504 പരസ്യങ്ങളാണ് ഇക്കാലയളവില്‍ പ്രചരിപ്പിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൂഗിള്‍ സേവനങ്ങള്‍ വഴിയുള്ള ഓണ്‍ലൈന്‍ രാഷ്ട്രീയ പരസ്യ പ്രചാരണങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ചിലവാക്കിയത് തമിഴ്‌നാടാണ്(24.23 കോടിരൂപ). 6.44 കോടിയിലേറെ രൂപ ചിലവാക്കിയ ന്യൂഡല്‍ഹിയാണ് പട്ടികയില്‍ രണ്ടാമത്. അഞ്ച് കോടിയിലേറെ ചിലവാക്കിയ ആന്ധ്രാപ്രദേശ് മൂന്നാമതാണ്.

രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് ബിജെപിയാണ്. 17 കോടിയിലേറെ രൂപയാണ് ബിജെപി ചിലവാക്കിയത്. തമിഴ്‌നാട്ടിലെ ഡിഎംകെയും, എഐഎഡിഎംകെയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാലാമതും ഡിഎംകെയെ തന്നെയാണ് ചേര്‍ത്തിട്ടുള്ളത്. ഒരേ പാര്‍ട്ടി തന്നെ രണ്ടും നാലും സ്ഥാനങ്ങളില്‍ എങ്ങനെ വരുന്നുവെന്ന് വ്യക്തമല്ല. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കോണ്‍ഗ്രസ്. 2.93 കോടിയിലേറെ രൂപയാണ് കോണ്‍ഗ്രസ് ചിലവാക്കിയിട്ടുള്ളത്. 1,094750 രൂപ ചിലവാക്കിയ സിപിഐഎം 22-ാം സ്ഥാനത്താണ്.

Read more

2019 ഫെബ്രുവരി 19 മുതലുള്ള കണക്കുകളാണ് സുതാര്യതാ റിപ്പോര്‍ട്ടില്‍ ഗൂഗിള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, എംപിമാര്‍ എന്നിവര്‍ ചിലവാക്കിയ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.