സമൂഹ മാധ്യമങ്ങളിൽ നിന്നും ‘മോദി കാ പരിവാർ’ ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പേര് നീക്കാൻ ബിജെപി നേതാക്കളോടും പ്രവർത്തകരോടും എക്സിലാണ് ഇത് സംബന്ധിച്ച ആഹ്വാനം മോദി നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ മോദി ഇനി ‘മോദി കാ പരിവാർ’ സമൂഹ മാധ്യമങ്ങളിൽ നിന്നും ഒഴിവാക്കണമെന്നും അഭ്യർഥിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യയിലുടനീളമുള്ള ജനങ്ങൾ തന്നോടുള്ള പിന്തുണയറിയിക്കുന്നതിനായി ‘മോദി കാ പരിവാർ’ എന്ന് സോഷ്യൽമീഡിയകളിൽ പേരിനൊപ്പം രേഖപ്പെടുത്തി. അത് തനിക്ക് ഒരുപാട് കരുത്ത് നൽകി. ഇന്ത്യയിലെ ജനങ്ങൾ എൻഡിഎ മുന്നണിയെ മൂന്നാമതും വിജയിപ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.
Through the election campaign, people across India added ‘Modi Ka Parivar’ to their social media as a mark of affection towards me. I derived a lot of strength from it. The people of India have given the NDA a majority for the third consecutive time, a record of sorts, and have…
— Narendra Modi (@narendramodi) June 11, 2024
അതേസമയം മോദി പ്രഭ മങ്ങിയ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് മോദിയുടെ ഈ അഭ്യർഥന. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള മന്ത്രിസഭാ രൂപീകരണത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ കുടുംബാധിപത്യമാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം എക്സിൽ പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ് മോദിയുടെ ആഹ്വാനം. മൂന്നാം മോദി മന്ത്രിസഭയിലെ 20 യൂണിയന്‍ കാബിനറ്റ് മന്ത്രിമാരുടെ പേരും അവരുടെ ബന്ധുക്കളായ രാഷ്ട്രീയനേതാക്കളുടെ പേരും അടങ്ങുന്ന പട്ടികയും രാഹുല്‍ പുറത്തുവിട്ടിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ എക്സ് അക്കൗണ്ടിലെ ചിത്രങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ഭരണഘടനയ്ക്ക് മുന്‍പില്‍ തലകുനിച്ച് വണങ്ങുന്ന മോദിയുടെ ചിത്രം കവർ ഇമേജ് ആക്കിയിരിക്കുന്നത്. മാറ്റത്തിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ ഭരണഘടന സംരക്ഷണം രാഹുല്‍ ഉയർത്തിയതിന്‍റ അന്തരഫലമാണ് ഇതൊക്കെയെന്ന് ജയറാം രമേശ് പ്രതികരിച്ചു.
Read more
തെലങ്കാനയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് ‘മോദി കാ പരിവാർ’ എന്ന മുദ്രാവാക്യം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. കുടുംബമില്ലാത്തതിനാൽ മോദിക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാവില്ലെന്ന ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വിമർശനത്തിന് മറുപടിയായാണ് മോദി പുതിയ മുദ്രാവാക്യം മുന്നോട്ടുവെച്ചത്. തുടർന്ന് ബിജെപി നേതാക്കളും പ്രവർത്തകരും ‘മോദി കാ പരിവാർ’ എന്ന മുദ്രാവാക്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ പല പ്രമുഖരും ഈ ടാഗ് ലൈൻ നീക്കം ചെയ്യാൻ തുടങ്ങിയിരുന്നു.