കോഹ്ലി നേരിടുന്നത് പോലൊരു സാഹചര്യം സച്ചിന് അയാളുടെ ഗ്ലോറിയസ് കരിയറില്‍ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല!

തിരുത്തലുകള്‍ക്ക് കഴിയാതെ വിരാട് കോഹ്ലിയുടെ ഫോം കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് വീണു കൊണ്ടിരിക്കുകയാണ്. ഓഫ് സ്റ്റമ്പിന് പുറത്ത് വരുന്ന പന്തുകളില്‍ എഡ്ജ് നല്‍കി പുറത്താവുന്ന രീതി ആവര്‍ത്തിക്കപ്പെടുന്നു. കോഹ്ലി എന്നല്ല ക്രിക്കറ്റില്‍ പൊതുവെ ഏതൊരു ബാറ്ററായാലും ഇതുപോലൊരു ഫോമില്ലായ്മയിലേക്ക് വീഴുമ്പോള്‍ സ്വാഭാവികമായി ഉയര്‍ന്നു വരുന്ന ഉദാഹരണം സച്ചിന്റെ സിഡ്നിയിലെ 241 റണ്‍സിന്റെ എപ്പിക് ഇന്നിങ്‌സാകുന്നതില്‍ ഒട്ടും അദ്ഭുതപ്പെടേണ്ട. അയാള്‍ക്ക് മുന്നേയും ഒപ്പവും ശേഷവും വന്നവരില്‍ നിന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനമായതാണ് സിഡ്നി എപ്പിക്. ശ്രദ്ധിക്കേണ്ട കാര്യം ഇപ്പോള്‍ കോഹ്ലി നേരിടുന്നത് പോലൊരു സാഹചര്യം ടെണ്ടുല്‍ക്കര്‍ക്ക് അയാളുടെ ഗ്ലോറിയസ് കരിയറില്‍ ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല എന്നതാണ്.

0,1 ,37,0,44 എന്നിങ്ങനെ അദ്ദേഹത്തിന്റെ നിലവാരം വച്ച് തികച്ചും ശോചനീയമായ 5 ഇന്നിംഗ്‌സുകള്‍ക്ക് ശേഷമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2004ല്‍ സിഡ്‌നിയിലെ നാലാം ടെസ്റ്റില്‍ ക്രീസിലെത്തുന്നത്. ക്ര്യത്യമായ ഒരു പാറ്റെണ്‍ അദ്ദേഹത്തിന്റെ പുറത്താകലുകള്‍ക്ക് ഉണ്ടായിരുന്നു എന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓഫ് സ്റ്റമ്പിനു വെളിയില്‍ പതിച്ച പന്തുകള്‍ ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തിലാണ് ടെണ്ടുല്‍ക്കര്‍ ഇന്നിംഗ്‌സുകള്‍ ആ പരമ്പരയില്‍ അവസാനിച്ചിരുന്നത്. ഇന്ത്യയെ ഓസ്‌ട്രേലിയ തകര്‍ത്തു വിട്ട മെല്‍ബണ്‍ ടെസ്റ്റില്‍ രണ്ടിന്നിംഗ്‌സിലും അതെ രീതിയിലായിരുന്നു ടെണ്ടുല്‍ക്കര്‍ പുറത്തായത് എന്നത് സിഡ്‌നി ടെസ്റ്റിനെ നിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. എങ്ങനെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രതികൂല സാഹചര്യങ്ങളെ കൌണ്ടര്‍ ചെയ്യുക എന്ന ആകാംക്ഷ ആരാധകരിലും ഉണ്ടായിരുന്നു.

കടുത്ത സമ്മര്‍ദ്ദത്തില്‍ ക്രീസിലെത്തുന്ന സച്ചിന്‍ അസാധാരണമായ നിയന്ത്രണത്തോടെ ഓഫ് സ്റ്റമ്പിനു പുറത്ത് ഓവര്‍ പിച്ച് ചെയ്യുന്ന പന്തുകള്‍ ഒഴിവാക്കി കൊണ്ടിരുന്നു.ബ്രെറ്റ് ലീയും ഗില്ലസ്പിയും വളരെ ഈസി ആയ ഹാഫ് വോളികള്‍ക്ക് അയാളെ പ്രലോഭിപ്പിക്കുന്ന പന്തുകള്‍ നല്‍കികൊണ്ടിരുന്നു. പാതിയുറക്കത്തില്‍ പോലും താന്‍ അനായാസം ബൗണ്ടറി കടത്തുന്ന പന്തുകള്‍ ഇത്തവണ പക്ഷെ സച്ചിന്‍ ഒഴിവാക്കി വിടുകയാണ് ചെയ്തത്. ‘റിലീജിയസ് ലി ഷോള്‍ഡറിംഗ് ആംസ്’ എന്നൊരു വിശേ ഷണം വായിച്ചത് രസകരമായി തോന്നി.. ടെണ്ടുല്‍ക്കറിന്റെ ക്ഷമ പരീക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ ബൌളര്‍മാര്‍ സഹികെട്ടു പന്തിന്റെ ലൈന്‍ സ്റ്റമ്പിന് നേരെ തിരിയുന്ന നിമിഷം അദ്ദേഹം അല്‍പമൊന്നു ഷഫിള്‍ ചെയ്തു പന്തിന്റെ പേസ് ഉപയോഗിച്ച് തന്റെ ഫ്‌ലിക്കുകളും ഓണ്‍ സൈഡിലൂടെയുള്ള വിപ്പുകളും കളിച്ചു കൊണ്ടിരുന്നു. താനാഗ്രഹിക്കുന്നിടത്ത് പന്തെറിയാന്‍ ബൗളര്‍മാരെ നിര്‍ബന്ധിരാക്കുന്നിടത്ത് ബാറ്റ്‌സ്മാന്റെ ക്രാഫ്റ്റ് മറനീക്കി പുറത്ത് വരികയാണ്. കൊല്ലങ്ങളായി ക്രിക്കറ്റ് ലോകം കണ്ടറിഞ്ഞ ടെണ്ടുല്‍ക്കര്‍ എന്ന മിത്ത് ,അയാളുടെ ആധിപത്യ സ്വഭാവമുള്ള ഇന്നിംഗ്‌സുകള്‍ ഇതിനെല്ലാം വിരുദ്ധമായി സിഡ്‌നിയില്‍ തന്നിലെ മാസ്റ്റര്‍ സ്‌ട്രോക്ക് പ്ലെയറെ അടക്കി നിര്‍ത്താന്‍ തീരുമാനിച്ച ഇതിഹാസം 241 റണ്‍സിന്റെ എപ്പിക് ഇന്നിംഗ്‌സിലൂടെ ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

Sachin was so focused .He never looked like getting out .He was batting with single minded devotion .It was truly remarkable .It was a lesson ‘ ഇവിടെ വിരാട് ശ്രമിക്കുന്നില്ല എന്ന് കരുതുന്നില്ല.ഓഫ് സ്റ്റമ്പില്‍ നിയന്ത്രണം സാധ്യമാക്കുന്നതിനായി കുറേക്കൂടെ സൈഡ് ഓണ്‍ ആയ സ്റ്റാന്‍സ് എടുത്തു കൊണ്ടാണ് അദ്ദേഹം സിഡ്നിയില്‍ എത്തിയത്. പക്ഷെ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത് പോലെ ലിമിറ്റഡ് സ്‌ട്രോക്കുകള്‍ മാത്രം കൈവശമുള്ള ഒരു ബാറ്ററെ പോലെ കോഹ്ലി കളിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഒരു ഷോട്ട് നിങ്ങള്‍ ഒഴിവാക്കുമ്പോള്‍, ഒരു ഏരിയ നിങ്ങള്‍ ഒഴിവാക്കുമ്പോള്‍ മറ്റൊരു ഏരിയ തുറന്നെടുക്കണം, മറ്റു സ്‌ട്രോക്കുകള്‍ കളിയിലേക്ക് വരണം. ലീവ് ചെയ്ത് കൊണ്ട് മാത്രമിരുന്നാല്‍ ക്രീസില്‍ നിങ്ങളൊരു സിറ്റിംഗ് ഡക്കിന്റെ അവസ്ഥയിലാവും.

കോഹ്ലിയില്‍ ഇനിയും ക്രിക്കറ്റ് ബാക്കിയുണ്ട് എന്ന് തന്നെ കരുതുന്നു. ടെക്‌നിക്കല്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ക്കൊപ്പം ചെയ്യേണ്ട ഒരു കാര്യം, ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുക എന്നത് തന്നെയാണ്. ഈ ഫോര്‍മാറ്റ് ഏതെങ്കിലുമൊരു ലെവലില്‍ കളിച്ചേ മതിയാവൂ. 2020 മുതലുള്ള 5 സീസണില്‍ നാലിലും 30 നു താഴെയാണ് ശരാശരി എന്നത് കോഹ്ലിയുടെ ഈ ഫോര്‍മാറ്റിലെ ഫോമില്ലായ്മ എത്രത്തോളം സീരിയസ് ആണെന്നത് വ്യക്തമാക്കുന്നതാണ്. ഇത് കൗണ്ടര്‍ ചെയ്യാന്‍ കഴിയാത്ത പക്ഷം അത് അയാളുടെ മഹത്വത്തെ കൂടെയാണ് ബാധിക്കുന്നത് എന്നതില്‍ ഒരു സംശയവുമില്ല, പ്രത്യേകിച്ചും യുവതാരങ്ങള്‍ അവസരങ്ങള്‍ക്കായി പുറത്ത് കാത്തിരിക്കുമ്പോള്‍. ഇതിഹാസമാണെങ്കില്‍ കൂടെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പിഴവുകള്‍ തിരുത്താന്‍ ശ്രമിക്കാതെ ഇതുവരെയുള്ള നേട്ടങ്ങള്‍ മറയാക്കി തീര്‍ത്തും കാഷ്വലായി തുടര്‍ന്നു പരാജയങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കാന്‍ ഒരു ഗെയിമിലും സാധിക്കില്ല..

എഴുത്ത്: സംഗീത് ശേഖര്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍