ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണം തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമായി വലിച്ചിഴക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഭരണകക്ഷിയായ ബിജെപിയാകട്ടെ ബാലാകോട്ടില്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ സര്‍ക്കാരിന്റെ വിജയമായാണ് കാണുന്നത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കന്നിവോട്ടര്‍മാരോട് ആഹ്വാനം ചെയ്യുന്നന്നത് വിവാദമായിരുന്നു. എന്നാല്‍ പുല്‍വാമയിലെ സ്ഥിതി ഇതൊന്നുമല്ല. അവിടെയുള്ള ജനങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരു ഗൗരവമുള്ള വിഷയമായി കണക്കാക്കുന്നേ ഇല്ല എന്നതാണ് വസ്തുത.
കഴിഞ്ഞ ദിവസമായിരുന്നു പുല്‍വാമയില്‍ വോട്ടെടുപ്പ്. എന്നാല്‍, ഇവിടെ വോട്ട് രേഖപ്പെടുത്തിയത് വളരെ കുറച്ച് പേരു മാത്രമാണ്. 2.14 ശതമാനമാണ് ഇവിടുത്തെ വോട്ടിംഗ് ശതമാനം. ഷോപിയാന്‍ ജില്ലയില്‍ 2.88 ശതമാനം. കശ്മീരില്‍ വോട്ടെടുപ്പില്‍ ചില പോളിംഗ് ബൂത്തുകളില്‍ ഗ്രനേഡ് ആക്രമണം ഉണ്ടായിരുന്നു. പല ബുത്തുകളിലും ഏജന്റുമാരുണ്ടായിരുന്നില്ല. ഇങ്ങിനെ കശ്മീര്‍ രാഷ്ട്രീയമായി ഒരുപാട് ചര്‍ച്ച ചെയ്യുമ്പോള്‍ അവര്‍ തിരഞ്ഞെടുപ്പിനോട് മുഖം തിരിക്കുകയാണ്.
Read more
പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരുടെ വാഹനത്തിലേക്ക് സ്ഫോടക വസ്തുക്കളുമായി ഇടിച്ചു കയറിയ ചാവേര്‍ ദര്‍ അഹമദ് ധിരിന്റെ ഗന്ധിബാഗ് ഗ്രാമത്തിലുള്ളവരും തിരഞ്ഞെടുപ്പ് ഗൗനിച്ചില്ല. “ഞങ്ങളാരും വോട്ടു ചെയ്യാറില്ല, അതേസമയം വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെ തടയാറുമില്ല” ദറിന്റെ പിതാവ് ഗുലാം ഹസ്സന്‍ പറഞ്ഞു. വോട്ടു ചെയ്തതതു കൊണ്ട് കശ്മീരിലെ ഭ്രാന്തിന് അറുതി ഉണ്ടാകുമോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.