ഖത്തറില്‍ എട്ട് ഇന്ത്യന്‍ മുന്‍ നാവികദ്യോഗസ്ഥര്‍ക്ക് നല്‍കിയ വധശിക്ഷ റദ്ദാക്കി

ഖത്തറില്‍ മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥര്‍ക്ക് നല്‍കിയ വധശിക്ഷ റദ്ദാക്കി. അപ്പീല്‍ കോടതിയാണ് ഇവരുടെ വധശിക്ഷ തടവ് ശിക്ഷയാക്കി കുറച്ചത്. ഇന്ത്യ ഗവണ്‍മെന്‍്‌റ് ഇവരുടെ മോചനത്തിനായി ഇടപെടുകയും അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ അപ്പീല്‍ കോടതി നേരത്തെ സ്വീകരിക്കുകയും ചെയ്തിരുന്നു.

കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് തടവില്‍ കഴിയുന്നത്. ഖത്തറിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്.

എന്നാല്‍ കുറ്റമെന്താണെന്ന് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്താന്‍ ഖത്തര്‍ ഗവണ്‍മെന്റ് തെയ്യാറായിട്ടില്ല. 2022 ഓഗസ്റ്റ് മാസത്തിലാണ് ഇവര്‍ ഏട്ടു പേരും അറസ്റ്റിലായത്. പലതവണ ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിന് ശേഷമാണ് ഇവരെ വധശിക്ഷക്ക് വിധിച്ചത്. ഇവരുടെ വധശിക്ഷ റദ്ദാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയും ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.