ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലനാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. രാജ്യത്ത് 1.5 കോടി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും തൊഴില്‍രഹിതരായ യുവാക്കള്‍ വെറും വയറുമായി അലഞ്ഞുതിരിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ നിയോജക മണ്ഡലത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് വരുണ്‍ ഗാന്ധി. തൊഴിലില്ലായ്മ വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്.
കോടിക്കണക്കിന് തൊഴിലില്ലാത്തവര്‍ക്ക് അടുത്തതായി എന്ത് സംഭവിക്കുമെന്ന് അറിയില്ല. തങ്ങളുടെ പോരാട്ടം തൊഴിലിനും സാമ്പത്തിക സമത്വത്തിനുമാണ്. ഭരണഘടന പറയുന്നത് എല്ലാവര്‍ക്കും തുല്യമായ സാമ്പത്തിക അവസരങ്ങള്‍ ലഭിക്കണമെന്നാണെന്ന് അദ്ദേഹം പറഞ്ഞു.
‘ആര്‍ക്കും ബാങ്ക് അക്കൗണ്ടില്‍ പണം ലഭിച്ചിട്ടില്ല, 2 കോടി ജോലികള്‍ (വാഗ്ദാനം ചെയ്തതുപോലെ) നല്‍കിയില്ല. കര്‍ഷകന്റെ വരുമാനം ഇരട്ടിയായി വര്‍ധിപ്പിക്കാനും സാധിച്ചില്ല.’ വരുണ്‍ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.
അണ്ണാ ഹസാരെ സമരത്തെ പിന്തുണച്ച ആദ്യത്തെ എംപി താനാണ്. കര്‍ഷക സമരം നടന്നപ്പോള്‍ ഉദ്യോഗസ്ഥരെ വിളിച്ച് സമരക്കാരുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചു. രാഷ്ട്രീയം രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഉപകരണമാണ്. തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരായ പോരാട്ടമാണ് നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ പോരാട്ടം.
രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും അവരുടെ സ്പര്‍ദ്ധ ഉപേക്ഷിച്ച് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കണം. രാജ്യത്തിന്റെ ഭാവി പ്രസംഗങ്ങള്‍ കൊണ്ടോ തിരഞ്ഞെടുപ്പില്‍ ജയിച്ച് തോല്‍ക്കുന്നതിലൂടെയോ അല്ല. രാജ്യത്തിനായുള്ള യഥാര്‍ത്ഥ സേവനത്തിലൂടെയാണ്.’ അദ്ദേഹം പറഞ്ഞു.
Read more
‘രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഞാന്‍ ആശങ്കാകുലനാണ്. ഇവിടെ സ്വപ്നങ്ങള്‍ വലുതും വിഭവങ്ങള്‍ പരിമിതവുമാണ്. സ്വകാര്യവല്‍ക്കരണം നടക്കുമ്പോള്‍ തൊഴിലവസരങ്ങളും പരിമിതമാകും. തൊഴിലില്ലായ്മ ഇനിയും വര്‍ദ്ധിക്കും,’ വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.