അപകീർത്തിപ്പെടുത്തിയെന്ന ഹർജിക്ക് മറുപടി നൽകാൻ 881 ദിവസം വൈകി, രാഹുൽ ഗാന്ധിക്ക് പിഴയിട്ട് കോടതി

അപകീർത്തിപ്പെടുത്തിയെന്ന ആർഎസ്എസ് പ്രവർത്തകന്റെ ഹർജിക്ക് മറുപടി നൽകാൻ 881 ദിവസം വൈകിയതിന് രാഹുൽ ഗാന്ധിക്ക് പിഴ. മഹാരാഷ്ട്രയിലെ താനെ കോടതി 500 രൂപയാണ് രാഹുൽ ഗാന്ധിക്ക് പിഴ ചുമത്തിയത്. ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിലായിരുന്നു ഹർജി. മറുപടി നൽകാത്തത് ഗുരുതരമായ അലംഭാവമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് ഹർജി. ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ആർഎസ്എസ് പ്രവർത്തകൻ വിവേക് മങ്കേരേക്കർ കോടതിയെ സമീപിച്ചത്. ഇതിൽ മറുപടി നൽകാൻ വൈകിയതിനാണ് രാഹുൽ ഗാന്ധിക്ക് പിഴശിക്ഷ വിധിച്ചത്.

അതേസമയം രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മാപ്പപേക്ഷ കോടതിയിൽ എഴുതി നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധി എംപിയാണ്, രാഷ്ട്രീയ ആവശ്യങ്ങൾക്കായി നിരന്തരം യാത്ര ചെയ്യുന്നതിനാലാണ് മറുപടി നൽകാൻ കാലതാമസം എടുത്തതെന്ന് അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തി.