ജി23 നേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക് ഒരുങ്ങി രാഹുല്‍ഗാന്ധി; പത്ത് പേരുമായി ചര്‍ച്ച

കോണ്‍ഗ്രസില്‍ ഇടഞ്ഞുനില്‍ക്കുന്ന ജി23 നേതാക്കളെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി. ജി 23 നേതാക്കള്‍ ഉള്‍പ്പെടെ മുതിര്‍ന്ന 10 നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. നാളെയോ മറ്റന്നാളോ കൂടിക്കാഴ്ച നടന്നേക്കുമെന്നാണു സൂചന.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ രാഹുലും നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്.

ഗാന്ധി കുടുംബം അടക്കമുള്ള ഉന്നതനേതൃത്വം പരാതി സ്വീകരിക്കുന്നില്ല, രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധനാകുന്നില്ല എന്നു തുടങ്ങിയ നിരന്തര പരാതികള്‍ക്കു പിന്നാലെയാണ് പുതിയ നീക്കവുമായി രാഹുല്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Read more

മുതിര്‍ന്ന നേതാവ് ഗുലാം നബിയുടെ ഡല്‍ഹിയിലെ വസതിയില്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നേതാക്കള്‍ നിരന്തരമായി യോഗം ചേര്‍ന്നിരുന്നു. കപില്‍ സിബല്‍, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ, ആനന്ദ് ശര്‍മ, മണിശങ്കര്‍ അയ്യര്‍, ശശി തരൂര്‍, ജനാര്‍ദന്‍ ദ്വിവേദി, പി.ജെ കുര്യന്‍ അടക്കമുള്ള കോണ്‍ഗ്രസിലെ പ്രബലര്‍ തന്നെ ഈ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.