സംഭല്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീട് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എംപിമാരോടൊപ്പം സന്ദര്‍ശിക്കും

മുസ്ലീം പള്ളിയില്‍ സര്‍വ്വേയ്ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭല്‍ നാളെ കോണ്‍ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എംപിമാരും രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം സംഘര്‍ഷത്തിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കും. കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു.

നാളെ ഉച്ചയ്ക്ക് ഒരുമണിയോടെ യാത്ര തിരിച്ച് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തോട് ഒപ്പം ചേരുന്ന ഉത്തര്‍പ്രദേശിലെ അഞ്ച് പാര്‍ട്ടി എംപിമാരുടെ സംഘവും രണ്ട് മണിയോടെ സംഭാലില്‍ എത്തും. പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ രാഹുല്‍ ഗാന്ധിയെ യുപിയില്‍ തടയാനുള്ള സാധ്യതയുണ്ട്. ഇന്നലെ സംഭല്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് വലിയ സംഘര്‍ഷാവസ്ഥയും സ്ഥലത്തുണ്ടായി.

നവംബര്‍ 24ന് മുഗള്‍ കാലഘട്ടത്തിലുള്ള മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധനയ്ക്കിടെയുണ്ടായ സംഘര്‍ഷത്തിലെ വെടിവെപ്പില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഇരകളുടെ നിലവിലെ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അത് ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ ചൗധരി പറഞ്ഞു. ഞങ്ങളെ പൊലീസ് സംഭാല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് തടയുകയാണെന്നും നേരത്തെ ഡിസംബര്‍ 2ന് പോകാന്‍ അനുമതി ഉണ്ടായിരുന്നുവെന്നും സച്ചിന്‍ ചൗധരി പറഞ്ഞു.

പാര്‍ലമെന്റില്‍ അദാനി വിഷയത്തിന് പകരം സംഭാല്‍ ആയുധമാക്കി പ്രതിപക്ഷം പ്രതിഷേധം കനപ്പിക്കുകയാണ്. ഇരു സഭകളിലും ഇന്‍ഡ്യാ മുന്നണി സംഘര്‍ഷാവസ്ഥ ഉന്നയിച്ച് പ്രതിഷേധിച്ചു. സംഭലിലേത് വീഴ്ചയല്ല ഗൂഢാലോചനയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. സംഭാലിന്റെ ഐക്യത്തെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സംഭലിന്റെ ഒത്തൊരുമയ്ക്ക് നേരെയാണ് വെടിയുതിര്‍ത്തതെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

Read more