നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വ്യാപക ക്രമക്കേട് നടന്നെന്ന് വ്യക്തമായാല്‍ മാത്രമേ പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാകൂ എന്ന് സുപ്രീംകോടതി. നീറ്റ്-യുജി പരീക്ഷയില്‍ ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. അതേസമയം നീറ്റ് യുജി പരീക്ഷ റദ്ദാക്കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരും ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയും സുപ്രിംകോടതിയെ അറിയിച്ചത്.
പേപ്പർ ചോര്‍ച്ച മുഴുവന്‍ പരീക്ഷയെയും റദ്ദാക്കുന്ന തരത്തില്‍ ബാധിച്ചെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. 23 ലക്ഷം വിദ്യാര്‍ത്ഥികളില്‍ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുകയെന്നതിനാല്‍ പുനഃപരീക്ഷക്ക് ഉത്തരവിടാന്‍ കഴിയില്ല. മുഴുവന്‍ പരീക്ഷയെയും ബാധിച്ചെന്ന് തെളിഞ്ഞാല്‍ മാത്രേ പുനഃപരീക്ഷ നടത്താനാകൂ എന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അറിയിച്ചു.
രാജ്യത്താകമാനമുള്ള സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ സീറ്റുകളെക്കുറിച്ചും ഹര്ജിക്കാരോട് ചന്ദ്രചൂഢ് ചോദിച്ചു. 1,08,000 വിദ്യാര്‍ത്ഥികളാണ് ഉള്ളതെന്നും പുനഃപരീക്ഷ നടത്തുകയാണെങ്കില്‍ നേരത്തെ പരീക്ഷയെഴുതിയ 23 ലക്ഷം പേരുണ്ടാകില്ലെന്നും 1.8 ലക്ഷം വിദ്യാര്‍ത്ഥികള്‍ മാത്രമായിരിക്കുമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
നേരത്തെ പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രസർക്കാരിൻ്റെ സത്യവാങ്മൂലം ഹരജിക്കാർക്ക് പരിശോധിക്കാനായി ഒരാഴ്ചത്തെ സാവകാശം കോടതി നൽകിയിരുന്നു. കേന്ദ്രസർക്കാരും സിബിഐയും എൻടിഎയും സമർപ്പിച്ച സത്യവാങ്മൂലമാണ് ഹരജിക്കാർക്ക് പരിശോധിക്കാൻ കൊടുത്തിരുന്നത്.