രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം, തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇന്ന് രാത്രിയോടെ പുറത്തെത്തിച്ചേക്കും

ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ ഇന്ന് രാത്രിയോടെ പുറത്തെത്തിച്ചേക്കും. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ അഞ്ച് മീറ്റര്‍ ദൂരത്തില്‍ വരെ പൈപ്പ് സ്ഥാപിച്ചു കഴിഞ്ഞു. പതിമൂന്ന് ദിവസമായി തൊഴിലാളികള്‍ തുരങ്കത്തിലാണ്. ഇവര്‍ ഇപ്പോഴും സുരക്ഷിതരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ഡ്രില്ലിംഗ് മെഷിന്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് പ്രതലം തകര്‍ന്നതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിറുത്തി വച്ചിരുന്നു. വീണ്ടും ഡ്രില്ലിംഗ് ആരംഭിച്ച്് രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. ഇനി ഡ്രില്ല്് ചെയ്യാന്‍ അവശേഷിക്കുന്ന ഭാഗങ്ങളില്‍ പാറയോ ലോഹക്കഷ്്ണങ്ങളോ ഇല്ലായെന്ന് റഡാര്‍ പരിശോധനയില്‍ വ്യക്തമാക്കിയിട്ടുണ്ട്്.

കുഴല്‍സ്ഥാപിക്കുന്നത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ സുരക്ഷാ കുഴലിലിലൂടെ സ്‌ട്രെച്ചറില്‍ ഓരോരുത്തരയായി പുറത്തെത്തിക്കും. ഇതിന്റെ ട്രയലും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി 41 ആംബുലന്‍സുകളും സജ്ജീകരിച്ചിട്ടുണ്ട്. എയര്‍ലിഫ്റ്റിംഗിലായി ഹെലികോപ്റ്ററുകളും തെയ്യാറായി നില്‍പ്പുണ്ട്.

തൊഴിലാളികളുമായി വാക്കിടോക്കി വഴി രക്ഷാപ്രവര്‍ത്തകര്‍ ആശയ വിനിമയം നടത്തുന്നുണ്ട്. ഉത്തരാഖണ്ഡിലെ ഛാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം നവംബര്‍ 12ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തകര്‍ന്നത്.