ശബരിമല യുവതീ പ്രവേശനവിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്; ബിന്ദു അമ്മിണിയുടെ ഹർജി അടുത്തയാഴ്ച പരിഗണിക്കും

ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ബിന്ദു അമ്മിണി നൽകിയ ഹർജി പരിഗണിക്കവേ ആണ് സുപ്രീംകോടതിയുടെ നിർണായക പരാമർശം. വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തിൽ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. പുതുതായി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിന്‍റെ അധ്യക്ഷനാകുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ തന്നെയാണ് ഈ പരാമർശം നടത്തിയത് എന്നതാണ് ശ്രദ്ധേയം.

ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി വേഗത്തിൽ പരിഗണിക്കണമെന്നായിരുന്നു ബിന്ദു അമ്മിണി ആവശ്യപ്പെട്ടത്. പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‍സിംഗാണ് ബിന്ദു അമ്മിണിക്കായി ഹാ‍ജരായത്. ബിന്ദു അമ്മിണിയുടെ ഹർജി അടുത്തയാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

Read more

ശബരിമലയിൽ ദര്‍ശനത്തിന് പൊലീസ് സുരക്ഷ നൽകാൻ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹര്‍ജിയും അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഈ ഹര്‍ജികൾ ഭരണഘടാന ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതിൽ ഈ ആഴ്ച ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും.