സാംസംങ്ങിനെതിരെ തമിഴ്‌നാട്ടില്‍ യൂണിയനുകളുടെ സമരം; ബിബിസിയില്‍ അടക്കം വാര്‍ത്തകള്‍; നിക്ഷേപം കൊണ്ടുവരാനുള്ള സ്റ്റാലിന്റെ നീക്കത്തിന് തിരിച്ചടി; വെട്ടിലാക്കി സിഐടിയു

കൊറിയന്‍ ഇലക്ട്രോണിക്സ് ഭീമനായ സാംസംങ്ങിനെതിരെ ചെന്നൈയില്‍ നടക്കുന്ന സമരത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കി സിഐടിയു. തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരുവാന്‍ എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ മൊബൈല്‍ കമ്പനിയിലെ സമരം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കമ്പനിയിലെ ജീവനക്കാര്‍ നടത്തുന്ന സമരം പത്ത് ദിവസം പിന്നിട്ട സാഹചര്യത്തില്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തൊവിലാളി സംഘടനയായ സിഐടിയു ഇന്ന് ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും സിഐടിയു നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചെന്നൈയിലെ സാംസംങ്ങ് ഫാക്ടറി ജീവനക്കാരുടെ നതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് സിഐടിയു പിന്തുണ നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത ട്രേഡ് യൂണിയനുകള്‍ പിന്തുണ നല്‍കി.

ശ്രീപെരുമ്പത്തൂരില്‍ സ്ഥിതി ചെയ്യുന്ന സാംസംങ് ഇന്ത്യ ഫാക്ടറിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനം, തങ്ങളുടെ യൂണിയന്റെ അംഗീകാരം, മെച്ചപ്പെട്ട തൊഴില്‍ സൗകര്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 9 മുതല്‍ അനിശ്ചിതകാല പണിമുടക്കിലാണ്.

ഇന്നലെ സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് തമിഴ്നാട് സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടു. സാംസംങ് ഇന്ത്യ വര്‍ക്കേഴ്സ് യൂണിയനെ അംഗീകരിക്കാന്‍ ഞങ്ങള്‍ തൊഴില്‍ വകുപ്പിന് കത്തെഴുതിയിട്ടുണ്ട്. ഞങ്ങള്‍ അപേക്ഷ നല്‍കിയിട്ട് 90 ദിവസമായി, പക്ഷേ ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. നിയമപ്രകാരം, ഇത് 45 ദിവസത്തിനുള്ളില്‍ ചെയ്യണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് എ സൗന്ദരരാജന്‍ വ്യക്തമാക്കി.

ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയുടെ 16 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നത്. തൊഴിലാളി സമരം ശക്തമായതോടെ ഫാക്ടറിയുടെ പ്രവര്‍ത്തനം താളം തെറ്റി. ഇതു മൊബൈല്‍ ഉല്‍പാദനത്തെയും ബാധിച്ചിട്ടുണ്ട്.

സമരത്തില്‍ സിഐടിയു ഇടപെടല്‍ സര്‍ക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. സാംസംങ്ങ് ഫാക്ടറിയിലെ സമരം മാധ്യമങ്ങളില്‍ വന്നതോടെ സംസ്ഥാനത്തെ നിക്ഷേപങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ സിഐടിയു സമരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Read more

തമിഴ്‌നാട്ടിലേക്ക് അമേരിക്കന്‍ വാഹനനിര്‍മാണ ഭീമനായ ഫോഡിനെ തിരികെ കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴ്ാണ് സാംസങ്ങ് ഫാക്ടറിയില്‍ സമരം തുടങ്ങിയിരിക്കുന്നത്.