'ഗ്യാൻവാപി പള്ളിയിലെ സീൽ ചെയ്ത സ്ഥലത്ത് ശാസ്ത്രീയ സർവേ വേണം'; ഹർജി ഇന്ന് സുപ്രീംകോടതിയിൽ

വാരാണസിയിലെ ഗ്യാൻവാപി പള്ളി സമുച്ചയത്തിലെ സീൽ ചെയ്ത സ്ഥലത്ത് ശാസ്ത്രീയമായി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സീൽ ചെയ്ത വുസുഖാനയും ചുറ്റുമുള്ള പ്രദേശങ്ങളും സർവേ നടത്തണമെന്നാണ് ആവശ്യം. ശിവലിംഗം കണ്ടെതായി പറയപ്പെടുന്ന വുസുഖാന പ്രദേശം 2022 ലാണ് സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് സീൽ ചെയ്തത്.

വുസുഖാനയുടെ സ്വഭാവവും അനുബന്ധ സവിശേഷതകളും നിർണ്ണയിക്കുന്നതിന് ആവശ്യമായ സർവേ നടത്തുന്നതിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദ്ദേശിക്കുകയാണ് ഹർജിയിലെ ആവശ്യം. മസ്ജിദ് സമുച്ചയത്തിലെ 10 നിലവറകളിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വീണ്ടും സർവേ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ഗ്യാൻവാപി മസ്ജിദിന്റെ നിലവറകളിൽ ഒന്നിൽ ഹിന്ദു ആചാര പ്രകാരമുള്ള ആരാധന നടത്താൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഗ്യാൻവാപി മസ്ജിദിന്റെ സ്ഥലത്ത് ഹിന്ദു ക്ഷേത്രമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യുടെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കോടതി നടപടി.

Read more

കഴിഞ്ഞ വർഷം ജൂലൈ 21ന് ജില്ലാ കോടതി പാസാക്കിയ ഉത്തരവിനെ തുടർന്നാണ് ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ പള്ളി പണിഞ്ഞതെന്ന് കണ്ടെത്തുന്നതിന് വേണ്ടി എഎസ്‌ഐ ഗ്യാൻവാപി പരിസരത്ത് ശാസ്ത്രീയ പരിശോധന നടത്തിയത്. 17ാം നൂറ്റാണ്ടിൽ ക്ഷേത്രത്തിന് മുകളിലായിരുന്നു പള്ളി പണിതതെന്ന ഹിന്ദു വിഭാഗത്തിന്റെ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.