രണ്ടാം കർഷക സമരം; കനത്ത സുരക്ഷയിൽ ഹരിയാന, 3 ദിവസത്തേക്ക് ഇൻ്റർനെറ്റ് നിരോധിച്ചു

സംയുക്ത കിസാൻ മോർച്ച 13ന് പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ചിന് മുന്നോടിയായി ഇന്ന് മുതൽ ചൊവ്വാഴ്ച്ച വരെ ഏഴ് ജില്ലകളിൽ ഇൻ്റർനെറ്റ് നിരോധിച്ചു. കർഷക മാർച്ചിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് ഹരിയാന ഭരണകൂടം. മാർച്ച് ഹരിയാന കടക്കാതെയിരിക്കാനായി ദേശീയപാതകളിൽ അടക്കം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഫരീദാബാദ്, അംബാല, ഹിസാർ, കുരുക്ഷേത്ര, കൈതാൽ‌, സിർസ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് വിലക്കുന്നത്. ഒരേ സമയം ഒരുകൂട്ടം എസ്എംഎസ് (ബൾക്ക് എസ്എംഎസ്) അയയ്ക്കുന്നതിനും വിലക്കുണ്ട്. ഈ സ്ഥലങ്ങളിൽ 13വരെ ഇന്റർനെറ്റ് വിലക്കും. താങ്ങുവിലയടക്കം വിഷയങ്ങൾ ഉയർത്തിയാണ് കർഷകരുടെ മാർച്ച്. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും പ്രഖ്യാപിച്ച മാർ‌ച്ചിൽ ഇരുന്നൂറിലേറെ കർഷക സംഘടനകൾ പങ്കെടുക്കുമെന്നാണു വിവരം.

Read more

നേരത്തെ കർഷകരുമായി കേന്ദ്ര മന്ത്രിമാരടക്കം ചർച്ച നടത്തിയിരുന്നെങ്കിലും സമവായത്തിൽ എത്തിയിരുന്നില്ല. 2020- 2021ൽ കർഷക സംഘടനകൾ ഡൽഹിയിൽ നടത്തിയ മാർച്ച് അന്താരഷ്ട്ര തലത്തിലടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. കർഷകർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട മൂന്നു കാര്‍ഷിക ബില്ലുകളും പിന്‍വലിച്ച് കര്‍ഷകരോട് മാപ്പു പറഞ്ഞാണ് പ്രധാനമന്ത്രി അന്ന് സമരം അവസാനിപ്പിച്ചത്.