അമിത് ഷായുടെ വീട്ടിലേക്കുള്ള മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു

അമിത് ഷായുടെ വീട്ടിലേക്ക് ഇന്ന് ഷഹിന്‍ബാഗിലെ സമരക്കാര്‍ നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മാര്‍ച്ച് നടത്താനായിരുന്നു സമരസമിതി തീരുമാനിച്ചിരുന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ ഉത്കണ്ഠയുള്ളവരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കിയതിന് പിന്നാലെ ചര്‍ച്ചക്ക് തയ്യാറാണെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു.

സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ നടത്താനിരുന്ന ജാഥക്ക് പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ സമരം രാജ്യത്തെ എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടിയാണെന്നും എത്ര കാലം വേണമെങ്കിലും സമരം തുടരാന്‍ തയ്യാറാണെന്നുമായിരുന്നു സമരക്കാരുടെ പ്രതികരിച്ചത്.

ആര് ചര്‍ച്ചക്ക് തയ്യാറായാലും സ്വാഗതം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര അമിത്ഷാ അറിയിച്ചിരുന്നു. ഓഫീസുമായി ബന്ധപ്പെട്ടാല്‍ മൂന്നു ദിവസത്തിനകം സ്ഥലവും സമയവും അറിയിക്കുമെന്നായിരുന്നു പരാമര്‍ശം. ഈ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് ചര്‍ച്ചക്ക് തയ്യാറാണെന്ന് ഷഹിന്‍ബാഗിലെ ഒരു വിഭാഗം നിലപാടെടുത്തത്.

എന്നാല്‍ നരേന്ദ്രമോദിയും അമിത്ഷായും ചാനലുകളില്‍ വന്ന് പ്രഹസനം നടത്തുകയാണെന്നും അല്പമെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഔദ്യോഗികമായി ചര്‍ച്ചക്കു ക്ഷണിക്കുകയാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു. അറിയിപ്പ് ലഭിച്ചാല്‍ അടുത്ത ദിവസം തന്നെ ചര്‍ച്ചക്ക് തയ്യാറാണ്. ഷഹീന്‍ ബാഗില്‍ ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നത് പൊലീസാണെന്നും. ഗതാഗത തടസവുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസുകളുടെ ഉത്തരവാദിത്തം സമരക്കാര്‍ക്കല്ലെന്നും ഇവര്‍ വ്യക്തമാക്കി.