2014 ഡിസംബർ 1ന് മുംബൈയിലെ സിബിഐ പ്രത്യേക കോടതിയിൽ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയ മരണപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്ന് ഹൃദയാഘാതം മൂലമുള്ള ഒരു മരണം എന്ന രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണം 10 വർഷങ്ങൾക്കിപ്പുറവും വീണ്ടും വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്, അല്ലെങ്കിൽ അന്ന് മുതൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇന്നും ഉത്തരങ്ങളില്ലാതെ ബാക്കിയാകുകയാണ്. അന്ന് രാജ്യം ഏറ്റവും കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്ന ഒരു പ്രധാനപ്പെട്ട കേസ്, അത് മാത്രമായിരുന്നു ജസ്റ്റിസ് ലോയ വാദം കേട്ടിരുന്നത്. അതിലെ പ്രതിയാകട്ടെ അന്നത്തെ ബിജെപിയുടെ ദേശീയ പ്രസിഡന്റായിരുന്ന അമിത് ഷായും.
48 കാരനായ ജസ്റ്റിസ് ലോയ, സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിനായാണ് 2014 നവംബറിന്റെ അവസാന ദിവസങ്ങളിൽ നാഗ്പൂരിലേക്ക് പുറപ്പെടുന്നത്. സഹ ജഡ്ജിയായ സപ്ന ജോഷിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാഗ്പൂരിലേക്ക് പോകാൻ ലോയ്ക്ക് താല്പര്യമില്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ രണ്ട് സഹ ജഡ്ജിമാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ലോയ അവിടേക്ക് യാത്ര തിരിക്കുന്നത്. 2014 നവംബർ 30 ന് രാത്രി 11 മണിക്ക് നാഗ്പൂരിൽ നിന്ന്, ലോയ തന്റെ ഭാര്യ ഷർമിളയെ ഫോണിൽ വിളിക്കുകയും 40 മിനിറ്റിലധികം സംസാരിക്കുകയും ചെയ്തു. നാഗ്പൂരിലെ സിവിൽ ലൈൻസ് പ്രദേശത്തുള്ള വിഐപികൾക്കുള്ള സർക്കാർ ഗസ്റ്റ് ഹൗസായ രവി ഭവനിലാണ് മറ്റ് ജഡ്ജിമാരോടൊപ്പം ലോയ താമസിച്ചത്. പിറ്റേന്ന് ഡിസംബർ 1ന് പുലർച്ചെ ലോയയുടെ മരണ വാർത്തയാണ് കുടുംബത്തിനെ തേടിയെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം.
സൊഹ്‌റാബുദ്ദീൻ ഷെയ്ക്കിന്റെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകം
2005 ൽ സൊഹ്‌റാബുദ്ദീൻ ഷെയ്ക്കിന്റെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കേസിന്റെ വാദമാണ് ലോയ കേട്ടുകൊണ്ടിരുന്നത്. സൊഹ്‌റാബുദ്ദീൻ കൊല്ലപ്പെടുന്ന സമയത്ത് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ ആയിരുന്നു കേസിലെ പ്രധാന പ്രതി. 2005 നവംബർ 26 നാണ് ഗുജറാത്ത്- രാജസ്ഥാൻ മേഖലയിലെ ഗുണ്ടാസംഘത്തലവനും രാഷ്ട്രീയക്കാർക്കും പൊലീസ് ഉന്നതർക്കും വേണ്ടി ഒട്ടേറെ സഹായങ്ങൾ ചെയ്യുകയും ചെയ്തിരുന്ന സൊഹ്‌റാബുദ്ദീൻ ഷെയ്ക്കും ഭാര്യയും സുഹൃത്തും കൊല്ലപ്പെടുന്നത്.
സൊഹ്‌റാബുദ്ദീൻ ഷെയ്‌ഖിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊന്നതാണെന്നു സുപ്രീംകോടതിയിൽ ഗുജറാത്ത് സർക്കാർ സമ്മതിച്ചിരുന്നു. ബിജെപി നേതാവും ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായിരുന്ന ഹരൺ പാണ്ഡ്യ 2003ൽ കൊല്ലപ്പെട്ടതിനു പിന്നിൽ സൊഹ്റാബുദീനും പങ്കാളി തുളസിറാമും ആണെന്നും അവരെ ഹരൺ പാണ്ഡ്യയുടെ എതിരാളികൾ വിലയ്ക്കെടുക്കുകയായിരുന്നെന്നും ആയിരുന്നു ആരോപണം. പാണ്ഡ്യയെ സൊഹ്റാബുദീനാണു വധിച്ചതെന്നും ഇതിനു ‘ക്വട്ടേഷൻ’ നൽകിയത് മുൻ ഡിഐജി ഡിജി വൻസാരയാണെന്നും കണ്ടെത്തിയിരുന്നു.
തിരഞ്ഞെടുപ്പു പ്രസംഗത്തിൽ സൊഹ്‌റാബുദ്ദീൻ വധത്തെക്കുറിച്ച് ‘അവന് അർഹിച്ചതു കിട്ടി’ എന്ന് അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പരാമർശം വിവാദമാവുകയും വധത്തെ ന്യായീകരിച്ച മോദിക്കെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടിസ് പുറപ്പെടുവിക്കുകായും ചെയ്തിരുന്നു.
2010 ൽ സൊഹ്‌റാബുദ്ദീൻ വധം സിബിഐ അന്വേഷിക്കണമെന്നു സുപ്രീംകോടതി ഉത്തരവിറക്കി. സിബിഐ അന്വേഷണത്തിൽ കേസിൽ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷായ്‌ക്കെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. അമിത് ഷാ ഉൾപ്പെടെ 15 പേർക്കെതിരെയായിരുന്നു സിബിഐ കുറ്റപത്രം. ഇതിന് പിന്നാലെ അമിത് ഷാ രാജിവെക്കുകയും സിബിഐ മുൻപാകെ കീഴടങ്ങുകയും ചെയ്തു.
മുഖ്യമന്ത്രിയായ മോദിയുടെ ഭരണത്തിൽ ഗുജറാത്തിൽ ‘നിഷ്പക്ഷ വിചാരണ’ നടക്കില്ലെന്ന സിബിഐയുടെ അപേക്ഷയിൽ സൊഹ്റാബുദീൻ കേസ് മുംബൈയിലേക്കു മാറ്റി. തുടക്കം മുതൽ അവസാനം വരെ വിചാരണ ഒരേ ജഡ്ജി കേസ് കേൾക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് ലംഘിച്ചുകൊണ്ട്, വിചാരണ ആദ്യം കേട്ട ജഡ്ജിയായ ജെടി ഉത്പതിനെ 2014 മധ്യത്തിൽ സിബിഐ പ്രത്യേക കോടതിയിൽ നിന്ന് മാറ്റി.
2014 ജൂൺ 6ന്, കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിന് ഉത്പത് അമിത് ഷായെ ശാസിച്ചിരുന്നു. അടുത്ത ദിവസമായ ജൂൺ 20 ന് ഷാ ഹാജരാകാതിരുന്നതിനെത്തുടർന്ന്, ജൂൺ 26 ന് വാദം കേൾക്കൽ നിശ്ചയിച്ചു. ജൂൺ 25ന് ജഡ്ജിയെ സ്ഥലം മാറ്റി. പകരം ലോയയെ നിയമിച്ചു. അങ്ങനെയാണ് ഈ കേസിൽ സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ലോയ വാദം കേട്ടിരുന്നത്.
2014 ഒക്ടോബർ 31ന്, ഷായ്ക്ക് ഇളവ് അനുവദിച്ച ലോയ, ആ ദിവസം മുംബൈയിൽ ഉണ്ടായിരുന്നിട്ടും ഷാ എന്തുകൊണ്ട് കോടതിയിൽ ഹാജരാകാതിരുന്നു എന്ന് ചോദിച്ചു. അടുത്ത വാദം കേൾക്കൽ തീയതി ഡിസംബർ 15ലേക്ക് മാറ്റി. എന്നാൽ ഡിസംബർ 1ന് ലോയയയുടെ മരണ വാർത്ത പുറത്തുവന്നു.
ഇനി ലോയയുടെ മരണത്തിലേക്ക് വന്നാൽ, മരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത വാർത്തകളിലെ പൊരുത്തക്കേടുകൾ, മരണശേഷം സ്വീകരിച്ച നടപടിക്രമങ്ങൾ, ജഡ്ജിയുടെ മൃതദേഹം കുടുംബത്തിന് കൈമാറിയപ്പോൾ മൃതദേഹത്തിന്റെ അവസ്ഥ എന്നിവയാണ് പ്രധാനമായും ഉയർന്ന ചോദ്യങ്ങൾ.
ഡിസംബർ 3ന് ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപിമാർ ശീതകാല സമ്മേളനം നടക്കുന്ന പാർലമെന്റിന് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. ഇതിന് അടുത്ത ദിവസം, സൊഹ്‌റാബുദ്ദീന്റെ സഹോദരൻ റുബാബുദ്ദീൻ സിബിഐക്ക് ഒരു കത്ത് എഴുതി, ലോയയുടെ മരണത്തിൽ തന്റെ ഞെട്ടൽ പ്രകടിപ്പിച്ചു. എന്നാൽ എംപിമാരുടെ പ്രതിഷേധങ്ങളെക്കുറിച്ചോ റുബാബുദ്ദീന്റെ കത്തിനെക്കുറിച്ചോ ഒന്നും പുറത്തുവന്നില്ല. ലോയയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചുള്ള തുടർവാർത്തകൾ ഒന്നും പുറത്തുവന്നില്ല.
ലോയയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം മാധ്യമങ്ങളോട് സംസാരിച്ചില്ല. എന്നാൽ 2016 നവംബറിൽ, ലോയയുടെ മാതാപിതാക്കളേയും സഹോദരിയും കാരവാൻ മാഗസിന് നൽകിയ അഭിമുഖത്തത്തോടെയാണ് ലോയ കേസ് ചർച്ചയാകുന്നത്. ഒന്നാമതായി ലോയയുടെ കുടുംബം എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിക്കഴിഞ്ഞിരുന്നു എന്നുള്ളതാണ്. പോസ്റ്റ്മോർട്ടത്തിനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടത് ആരാണെന്ന് പോലും കുടുംബത്തിന് അറിവുണ്ടായിരുന്നില്ല.
ലോയ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് കുടുംബത്തിന് കിട്ടിയ വിവരം. “അദ്ദേഹത്തിന് നെഞ്ചുവേദനയുണ്ടായെന്നും, നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയായ ഡാൻഡേ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോയി, എന്നാൽ അവിടെ ഇസിജിപ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് ലോയയെ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയായ മെഡിട്രിന ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തിയപ്പോൾ തന്നെ അദ്ദേഹം മരിച്ചിരുന്നു എന്ന് തുടങ്ങിയ വിവരങ്ങളാണ് കുടുംബത്തിന് ലഭിച്ചത്.
നാഗ്പൂരിൽ നിന്നുള്ള യാത്രയിൽ ലോയയുടെ സഹപ്രവർത്തകരിൽ ആരും അദ്ദേഹത്തിന്റെ മൃതദേഹത്തോടൊപ്പം വീട്ടിലേക്ക് പോയിരുന്നില്ല. മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഒരേയൊരു വ്യക്തി ആംബുലൻസ് ഡ്രൈവർ ആയിരുന്നു. വിവാഹത്തിനായി നാഗ്പൂരിലേക്ക് പോകണമെന്ന് ലോയയെ നിർബന്ധിച്ച രണ്ട് ജഡ്ജിമാർ അദ്ദേഹത്തോടൊപ്പം പോയിരുന്നില്ല. ലോയ ഒരു സിബിഐ കോടതി ജഡ്ജിയായിരുന്നു, അദ്ദേഹത്തിന് സുരക്ഷയും അകമ്പടിയും ഉണ്ടായിരിക്കേണ്ടതായിരുന്നു, എന്നാൽ അതൊന്നും ഉണ്ടായില്ല.
കുടുംബം മൃതദേഹം കണ്ടപ്പോൾ ഷർട്ടിന്റെ പിൻഭാഗത്ത് കഴുത്തിൽ രക്തക്കറകളുണ്ടായിരുന്നു, കണ്ണട കഴുത്തിന് താഴെയായിരുന്നു. അദ്ദേഹത്തിന്റെ ബെൽറ്റ് എതിർദിശയിലേക്ക് വളച്ചൊടിക്കപ്പെട്ടിരുന്നു, പാന്റ് ക്ലിപ്പ് ഒടിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തലയിൽപിൻവശത്ത് രക്തക്കറകളും മുറിവുകളും ഉണ്ടായിരുന്നു എന്നും പിന്നീട് കുടുംബാംഗങ്ങൾ പറഞ്ഞു.
എന്നാൽ നാഗ്പൂരിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി പുറത്തിറക്കിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, “വസ്ത്രങ്ങളുടെ അവസ്ഥ – അത് വെള്ളത്തിൽ നനഞ്ഞതാണോ, രക്തം പുരണ്ടതാണോ, ഛർദ്ദിയോ ഭ്രൂണമോ കൊണ്ട് മലിനമായതാണോ” എന്ന ചോദ്യത്തിന് ഉണങ്ങിയത്” എന്നായിരുന്നു എഴുതിയിരുന്നത്. രണ്ടാമതൊരു പോസ്റ്റ്‌മോർട്ടം കുടുംബം ആവശ്യപ്പെട്ടെങ്കിലും ലോയയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും “പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കരുതെന്ന് പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തികയായിരുന്നു.
“നിയമപരമായ നടപടിക്രമമനുസരിച്ച്, മരിച്ചയാളുടെ എല്ലാ സ്വകാര്യ വസ്തുക്കളും പോലീസ് വകുപ്പ് ശേഖരിച്ച് സീൽ ചെയ്യുകയും അവയെല്ലാം കുടുംബത്തിന് കൈമാറുകയും ചെയ്യാറുണ്ട്. എന്നാൽ കുടുംബത്തിന് ഇത്തരം കാര്യങ്ങളൊന്നും ലഭിച്ചില്ല. ലോയയുടെ മൊബൈൽ ഫോൺ കുടുംബത്തിന് നാലാം ദിവസം ലഭിച്ചു, അത് തിരികെ നൽകിയതും പോലീസ് അല്ലായിരുന്നു.
ലോയ താമസിച്ചിരുന്ന വിഐപി ഗസ്റ്റ് ഹൌസായ രവി ഭവന് ചുറ്റും ഓട്ടോ സ്റ്റാൻണ്ടോ ഓട്ടോറിക്ഷ ലഭിക്കാനുള്ള സാഹചര്യമോ ഇല്ലായിരുന്നു. എന്നിട്ടും ലോയയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് ഓട്ടോയിലായിരുന്നു. മന്ത്രിമാർ, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ എന്നിവരുൾപ്പെടെയുള്ള വിഐപികളെ പതിവായി സ്വീകരിക്കുന്ന രവി ഭവനിൽ – ലോയയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരു വാഹനം പോലും ലഭ്യമായിരുന്നില്ലേ? എന്ന ചോദ്യവും ഉയർന്നു.
ലോയയെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ കുടുംബത്തെ എന്തുകൊണ്ട് അറിയിച്ചില്ല? അദ്ദേഹം മരിച്ചയുടനെ അവരെ എന്തുകൊണ്ട് അറിയിച്ചില്ല? പോസ്റ്റ്‌മോർട്ടത്തിന് അനുമതി ചോദിക്കുകയോ നടപടിക്രമം നടത്തുന്നതിന് മുമ്പ് ഒന്ന് നടത്തണമെന്ന് അറിയിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ട്? ആരാണ് പോസ്റ്റ്‌മോർട്ടം ശുപാർശ ചെയ്തത്, എന്തുകൊണ്ട്? പോസ്റ്റ്‌മോർട്ടം ശുപാർശ ചെയ്യാൻ ലോയയുടെ മരണത്തിൽ സംശയാസ്പദമായത് എന്താണ്? ഡാൻഡേ ആശുപത്രിയിൽ അദ്ദേഹത്തിന് എന്ത് മരുന്നാണ് നൽകിയത്? തുടങ്ങിയ ചോദ്യങ്ങൾക്കും വ്യക്തതയില്ല.
പോലീസിന്റെ അഭിപ്രായത്തിൽ, ലോയ “1/12/14 ന് രാവിലെ 04 .00 ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് 06 .15 ന് മരിച്ചു” എന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ലോയയുടെ കുടുംബാംഗങ്ങളുടെ മൊഴിയിൽ, രാവിലെ 5 മണി മുതൽ അവർക്ക് അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കോളുകൾ ലഭിച്ചുതുടങ്ങിയിരുന്നു. മരണകാരണമായി പറയുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളും ലോയ്ക്ക് ഇല്ലായിരുന്നു എന്നും കുടുംബം വ്യക്തമാക്കുന്നു.
ലോയയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന റിപ്പോർട്ടുകൾ ഡൽഹി എയിംസിലെ ഫോറൻസിക് മെഡിസിൻ ആന്റ് ടോക്സികോളജി ഡിപ്പാർട്ട്മെന്റ് മുൻ മേധാവിയായിരുന്ന ഡോ. ആർകെ ശർമ്മ തള്ളിയിരുന്നു. തലച്ചോറിന് ക്ഷതമേറ്റതിൻ്റെ അടയാളങ്ങളും വിഷബാധയുടെ തന്നെ സാധ്യതകളുമാണ് രേഖകളിൽ നിന്ന് മനസിലാകുന്നതെന്നാണ് ശർമ്മ പറഞ്ഞതായി കാരവൻ റിപ്പോർട്ട് ചെയ്തിരുന്നു.
സൊഹ്റാബുദ്ദീൻ കേസിൽ അമിത് ഷായ്ക്ക് അനുകൂല വിധി നൽകാൻ ജസ്റ്റിസ് ലോയയ്ക്ക് മേൽ സമ്മർദമുണ്ടായിരുന്നതെന്ന് കാരവനോടുള്ള അഭിമുഖത്തിൽ ലോയയുടെ പിതാവ് വെളിപ്പെടുത്തി. ഇതിനായി ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ തനിക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്‌തു എന്നും മരിക്കുന്നതിന് ഒരാഴ്‌ച മുമ്പ് ലോയ തന്നോട് പറഞ്ഞിരുന്നെന്നാണ് പിതാവ് പറഞ്ഞത്. മാഹിത് ഷായിൽ നിന്നും ലോയയ്ക്ക് വലിയ സമ്മർദ്ദം നേരിടേണ്ടിവന്നിരുന്നെന്ന് സഹോദരിയും വെളിപ്പെടുത്തി.
ലോയ സൊഹ്‌റാബുദ്ദീൻ കേസിന്റെ വിശദാംശങ്ങൾ പങ്കുവെച്ചിരുന്ന അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായ രണ്ടുപേർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസും രംഗത്തെത്തി. അതിൽ ഒരാൾ ആക്ടിവിസ്റ്റും അഭിഭാഷകനുമായ ശ്രീകാന്ത് ഖണ്ഡാൽക്കർ ഖണ്ഡേൽക്കർ 2015 നവംബറിൽ ഒരു കെട്ടിടത്തിൻ്റെ മുകളിൽ നിന്നും താഴെ എറിയപ്പെട്ട് മരിച്ചു. മറ്റൊരാൾ റിട്ടയേർഡ് ജഡ്ജി പ്രകാശ് തോംബ്രേ നാഗ്‌പൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകവേ 2016 മെയ് 16ന് ഹൈദരാബാദിൽ വെച്ച് ട്രെയിനിൽ നിന്നു ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയുമാണുണ്ടായതെന്നായിരുന്നു കോൺഗ്രസ് നേതാവ് കപിൽ സിബൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ഇതോടെ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു. ഇതിനിടയിൽ 2018 ജനുവരി 12ന് സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്‌ജിമാർ, ജസ്റ്റിസ് ചലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബ. ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർ ഒരു വാർത്താ സമ്മേളനം നടത്തി. ലോയ കേസ് കേൾക്കാൻ സീനിയർ ജഡ്‌ജിമാരെ തഴഞ്ഞ് താരതമ്യേന ജൂനിയർമാരായ ഉൾപ്പെട്ട രണ്ടംഗ ബെഞ്ചിനെ ചുമതലപ്പെടുത്തിയതാണ് പത്രസമ്മേളനത്തിൻ്റെ ഒരു കാരണം എന്ന സൂചന അന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നൽകുകയുണ്ടായി. അതിനെ തുടർന്ന് കേസ് പിന്നീട് പരിഗണിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്. ഇതിനിടെ ജസ്റ്റിസ് ലോയയുടെ മകൻ അനൂജ് ലോയയും ഒരു വാർത്ത സമ്മേളനം നടത്തി.
ലോയയുടെ മരണത്തിൽ കുടുംബത്തിന് യാതൊരു സംശയവുമില്ലെന്നും നേരത്തെ സംശയം തോന്നിയിരുന്നെന്നും പിന്നീട് അത് മാറിയെന്നുമായിരുന്നു അനൂജ് പറഞ്ഞത്. ഈ സംഭവത്തിന് പിന്നാലെ അനൂജ് ഇങ്ങനെ പറഞ്ഞത് രാഷ്ട്രീയ സമ്മർദ്ദനം കാരണമായിരുന്നെന്ന് ലോയയുടെ അമ്മാവൻ ശ്രീനിവാസ ലോയയും വ്യക്തമാക്കിയിരുന്നു. ബോംബെ ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ അനൂജുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയായിരുന്നു അനൂജ് ഇങ്ങനെയൊരു വാർത്താസമ്മേളനം നടത്തിയത്.
ചീഫ് ജസ്റ്റിസ് ഇത്തരമൊരു കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന ചോദ്യവും പിന്നീട് ഉയർന്നു.
2018 ഏപ്രിൽ 19ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢാണ് ലോയ കേസിലെ വിധി പ്രഖ്യാപിക്കുന്നത്. ലോയയുടെ മരണം സ്വാഭാവികമാണെന്ന് നിരീക്ഷിച്ച കോടതി അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികളും തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാൻവിൽകർ, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്.
Read more
അതേസമയം ലോയയുടെ മരണം നടന്ന് ഒരു മാസത്തിനകം തന്നെ കേസിൽ അമിത് ഷാ കുറ്റവിമുകതനയി. ആ ഡിസംബർ 30 ന് തന്നെ അമിത് ഷായെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്‌തനാക്കി. 2016 ആഗസ്റ്റ് 1ന് അമിത് ഷായെ കുറ്റവിമുക്തനാക്കിയതു സുപ്രീംകോടതി ശരിവച്ചു 2018 ഏപ്രിൽ 19 ന് ജസ്റ്റിസ് ലോയയുടേത് സ്വാഭാവികമരണമെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെ നവംബർ 2 ന് അമിത് ഷായെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യംചെയ്യില്ലെന്ന സിബിഐ നിലപാടിനെതിരായ പൊതുതാൽപര്യ ഹർജിയും തള്ളി.