രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

ബിഹാറിലെ സീതാമഢ് ലോക്‌സഭ മണ്ഡലത്തില്‍ പുതിയ ക്ഷേത്ര നിര്‍മ്മാണം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി അമിത്ഷാ. സീതാമഢില്‍ ബിജെപി സീതാക്ഷേത്രം നിര്‍മ്മിക്കുമെന്നും വോട്ട് ബാങ്കിനെ ഭയപ്പെടുന്നില്ലെന്നും അമിത്ഷാ പറഞ്ഞു. സീതാമഢിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത്ഷാ.

സീതാദേവിയ്ക്കായി ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ അത് നരേന്ദ്ര മോദിയ്ക്കും ബിജെപിയ്ക്കും മാത്രമായിരിക്കുമെന്നും അമിത്ഷാ പറഞ്ഞു. മോദി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചു. അടുത്തതായി സീതാദേവിയുടെ ജന്മസ്ഥലത്ത് ഒരു ക്ഷേത്രം നിര്‍മ്മിക്കുകയാണ്.

രാമക്ഷേത്രത്തില്‍ നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് സാധിക്കില്ലെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. സീതാമഢിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെയും അമിത്ഷാ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മകനെ മുഖ്യമന്ത്രിയാക്കാനാണ് ലാലു പ്രസാദ് യാദവ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതെന്നായിരുന്നു ഷായുടെ പ്രസ്താവന.