ബിജെപിക്കൊപ്പമെന്ന് പ്രഖ്യാപിച്ച് എംപിയും നടിയുമായ സുമലത അംബരീഷ്. 2024ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും സുമലത പറഞ്ഞു. സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും ബിജെപിക്കൊപ്പം തുടരാനാണ് ആഗ്രഹമെന്ന് സുമലത അറിയിച്ചു. മത്സരത്തിൽ നിന്ന് പിന്മാറി സുമലത ബിജെപിയിൽ ചേരാനൊരുങ്ങുന്നതോടെ കോൺഗ്രസും ജെഡിഎസും തമ്മിൽ നേരിട്ടുള്ള മത്സരത്തിനാണ് മാണ്ഡ്യ സാക്ഷ്യം വഹിക്കുന്നത്.
മാണ്ഡ്യയില്‍ അനുയായികളുടെ യോഗത്തിലാണ് സുമലതയുടെ പ്രഖ്യാപനം. 2019ൽ ബിജെപി തന്നെ സഹായിച്ചു. അതേ സഹായം താൻ 2023ൽ തിരികെ നൽകി. ഇനിയും അങ്ങോട്ട് ബിജെപിക്ക് തന്റെ പിന്തുണ യുണ്ടാകുമെന്നും സുമലത കൂട്ടിച്ചേർത്തു. 2019ൽ മാണ്ഡ്യയിൽ സുമലതയ്‌ക്കെതിരെ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നുല്ല.
2019ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ഇവർ നിലവിൽ മാണ്ഡ്യ എംപിയാണ്. മാണ്ഡ്യയിൽ തന്നെ സുമലത ബിജെപിക്ക് വേണ്ടി മത്സരത്തിനിറങ്ങുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മാണ്ഡ്യ സീറ്റ് എച്ച്ഡി കുമാരസ്വാമിക്ക് നല്‍കാനാണ് നേതൃത്വം തീരുമാനിച്ചത്. ഇതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന തീരുമാനത്തിലേക്ക് സുമലത എത്തുകയായിരുന്നു. അതേസമയം മാണ്ഡ്യയില്‍ കുമാരസ്വാമിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും സുമലത അറിയിച്ചു.
Read more
2018-ൽ നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിൻ്റെ നിര്യാണത്തെത്തുടർന്നാണ് അദ്ദേഹത്തിൻ്റെ ഭാര്യയായ സുമലത അംബരീഷ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 2019ൽ മാണ്ഡ്യയിൽ എച്ച്‌ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സുമലത വിജയിച്ചത്. നിഖിലിനെ തോല്‍പിക്കാൻ കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിന്നതാണ് അന്ന് സുമലത വിജയിക്കാൻ കാരണം.