അപകീർത്തി കേസിൽ കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. മോദി പരാമർശത്തിന്‍റെ പേരിൽ തനിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ. സൂറത്ത് സെഷൻസ് കോടതിയാണ് അപ്പീൽ പരിഗണിക്കുന്നത്.
രാഹുൽ കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് അപ്പീലുമായി രാഹുൽ സെഷൻസ് കോടതിയിൽ എത്തുന്നത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ അപ്പീൽ നേരത്തെ തള്ളിയ ജഡ്ജി ആർപി മൊഗേരയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
വിചാരണക്കോടതി വിദിയെ വിമർശിച്ചായിരുന്നു കേസിൽ സുപ്രീം കോടതിയുടെ ഉത്തരവ് വന്നത്. പ്രധാനമായി സുപ്രീം കോടതി ചോദിച്ച ചോദ്യം ഈ കേസിൽ പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്നതായിരുന്നു.പരാമവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് വ്യക്തമാക്കുന്നതിൽ സെഷൻസ് ജഡ്ജിക്ക് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Read more
എന്തുകൊണ്ട് പരമാവധി ശിക്ഷ നൽകിയെന്ന് വിചാരണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. ഒരു വർഷവും 11 മാസവും ശിക്ഷിച്ചാൽ പോലും രാഹുൽ ഗാന്ധി അയോഗ്യനാവില്ലായിരുന്നു എന്നതും സുപ്രീം കോടതി ചൂണ്ടികാട്ടി. മണ്ഡലം ഒഴിഞ്ഞ് കിടക്കുന്നത് ജനങ്ങളുടെ അവകാശത്തെ ബാധിക്കില്ലേയെന്നും കോടതി ചോദിച്ച ശേഷം പരമാവധി ശിക്ഷയെന്ന കീഴ്ക്കോടതി വിധി സ്റ്റേ ചെയ്തതായി സുപ്രീം കോടതി അറിയിക്കുകയായിരുന്നു.