ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റു ധാരണ നടക്കാതെ പോയതില്‍ പരസ്പരം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്ന് ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര. ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും തോല്‍പ്പിക്കുകയാണ് പ്രധാനം. അതിനാല്‍, ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുണ്ടെങ്കിലും കരുത്ത് കോണ്‍ഗ്രസിനാണെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യണമെന്ന് അദേഹം പറഞ്ഞു. ബംഗാളില്‍ സീറ്റുകളില്‍ ധാരണയാകാത്തതില്‍ കോണ്‍ഗ്രസിനെ കുറ്റം പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്തുകൊണ്ട് ധാരണയുണ്ടായില്ലെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.
ബിജെപി ഇതര സഖ്യത്തിനായുള്ള മമതയുടെ ശ്രമങ്ങള്‍ തട്ടിപ്പാണ്. ബിജെപിയെ സഹായിക്കാനുള്ള ഗൂഢാലോചനയാണ് അതിനു പിന്നില്‍. പ്രതിപക്ഷ നിരയില്‍ ബിജെപിയുടെ ട്രോജന്‍ കുതിരയാണ് തൃണമൂല്‍ കോണ്‍ഗ്രസെന്ന് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Read more
നിങ്ങളുടെ മണ്ഡലത്തില്‍ ബിജെപി, തൃണമൂല്‍ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കരുത്ത് കോണ്‍ഗ്രസിനാണെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്യുക. ഇടതുപക്ഷത്തിനാണ് ആ കരുത്തെങ്കില്‍ ഇടതുപക്ഷത്തിനു വോട്ടു ചെയ്യണമെന്നും സൂര്യകാന്ത മിശ്ര പറഞ്ഞു. കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മതേതര സര്‍ക്കാരിന് ഞങ്ങളുടെ പിന്തുണ അനിവാര്യമെങ്കില്‍ തീര്‍ച്ചയായും നല്‍കുമെന്നും അദേഹം പറഞ്ഞു.