സ്വയംഭരണ അവകാശം പ്രഖ്യാപിച്ച് തമിഴ്‌നാട്; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതി

സ്വയംഭരണ അവകാശം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു. ഭാഷയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രമേയവും സഭയിൽ അവതരിപ്പിച്ചു.

1969ൽ കരുണാനിധി സർക്കാർ രാജമണ്ണാർ സമിതിയെ നിയോഗിച്ചതിന്റെ ആവർത്തനമാണിത്. സമിതി 2026 ജനുവരിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സുപ്രീംകോടതി റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതിയെ ഇതിനായി നിയമിക്കുകയാണെന്ന് തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ അവകാശങ്ങൾ പുനസ്ഥാപിക്കാൻ സമിതിയുടെ ശുപാർശ നടപ്പാക്കും.

ഫെഡറൽ തത്വങ്ങളിൽ പുനഃപരിശോധന ആവശ്യമോ എന്നതടക്കം കമ്മീഷൻ്റെ പരിഗണന വിഷയങ്ങളാണ്. മുൻ ഐഎഎസ് ഓഫീസർ അശോക് വർദ്ധൻ ഷെട്ടി, പ്രൊഫസർ എം നാഗനാഥൻ എന്നിവർ സമിതി അംഗങ്ങളാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ സമഗ്ര പരിശോധനയാണ് കമ്മീഷൻ്റെ ഉത്തരവാദിത്തം. സംസ്ഥാനങ്ങളുടെ സ്വയംഭരണ അവകാശത്തിനായി ഭരണഘടനാ ഭേദഗതി ആവശ്യമെങ്കിൽ നിർദേശിക്കണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.