പണം വാരിയെറിഞ്ഞ് ബി.ജെ.പി, അഞ്ചിടത്തെ തിരഞ്ഞെടുപ്പിന് ചെലവഴിച്ചത് 252 കോടി, 60 ശതമാനവും ബംഗാളില്‍

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി പൊടിച്ച പൈസയുടെ കണക്കുകള്‍ പുറത്ത്. 252 കോടി രൂപയാണ് അസം, പുതുച്ചേരി, തമിഴ്നാട്, കേരളം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ പ്രചാരണത്തിനായി ചെലവഴിച്ചിരിക്കുന്നത്.

ഇതില്‍ 43.81 കോടി അസമിലും, 4.79 കോടി പുതുച്ചേരിയിലും ചെലവഴിച്ചു. തിരഞ്ഞെടുപ്പില്‍ 2.6% മാത്രം വോട്ട് ലഭിച്ച തമിഴ്നാട്ടില്‍ 22.97 കോടി രൂപയാണ് ഇറക്കിയത്. കേരളത്തില്‍ ഒരു സീറ്റില്‍ നിന്ന് ഭരണം പിടിക്കുമെന്ന ആഹ്വാനത്തോടെ എത്തിയ ബിജെപി 29.24 കോടി ചെലവിട്ടു.

മമതാ ബാനര്‍ജിയുടെ തട്ടകമായ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പണം വാരിയെറിഞ്ഞത്. തൃണമൂലിനെ പുറത്താക്കി ഭരണം കൈയടക്കാന്‍ ബിജെപി നടത്തിയ വിഫലശ്രമത്തിന് ചെലവായത് 151 കോടിയാണ്.

രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുസഞ്ചയത്തിൽ വെച്ചിട്ടുണ്ട്.