കുരങ്ങന്‍ വീടിന് മുകളില്‍ നിന്ന് തള്ളിയിട്ടു; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

ബിഹാറില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുരങ്ങുകള്‍ വീടിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ബിഹാറിലെ പാറ്റ്‌നയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി വീടിന്റെ ടെറസില്‍ ഇരുന്ന് പഠിക്കുകയായിരുന്നു. ഈ സമയം ടെറസിലേയ്ക്ക് എത്തിയ ഒരു കൂട്ടം കുരങ്ങന്‍മാര്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.

കുരങ്ങുകളുടെ ആക്രമണത്തില്‍ പ്രിയ കുമാര്‍ ടെറസില്‍ നിന്ന് വീഴുകയായിരുന്നു. താഴേയ്ക്ക് വീണ പ്രിയയുടെ തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകളുണ്ടായി. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read more

കുരങ്ങന്‍മാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാനായി പ്രിയ ഗോവണിയിലേയ്ക്ക് ഓടി. എന്നാല്‍, കൂട്ടത്തിലെ ചില കുരങ്ങന്‍മാര്‍ അക്രമാസക്തരാകുകയും പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് തള്ളിയിടുകയും ചെയ്‌തെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. പെണ്‍കുട്ടിയുടെ തലയില്‍ ഉള്‍പ്പെടെയേറ്റ ഒന്നിലധികം മുറിവുകളാണ് മരണത്തിലേക്ക് നയിച്ചത്.