അർജുനായുള്ള തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുന്നു; ഡ്രെഡ്ജര്‍ ഉടൻ ഷിരൂരിലെത്തും, കണ്ടെത്താനുള്ളത് മൂന്നുപേരെ

കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്ന് എത്തിക്കുന്ന ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് ഇന്ന് പരിശോധന നടത്തുക. ഡ്രെഡ്ജര്‍ ഉടൻ തന്നെ ഷിരൂരിലെത്തിക്കും.
പുഴയില്‍ നാവികസേന അടയാളപ്പെടുത്തിയ ഇടത്തെ മണ്ണും കല്ലുകളുമായിരിക്കും ഡ്രെഡ്ജര്‍ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുന്നത്.

ഡ്രെഡജറിന്‌റെ ഭാഗമായുള്ള മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെയുള്ളവ ഇന്ന് പത്ത് മണിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗംഗാവാലി പുഴയില്‍ തെരച്ചിലിന് അനുയോജ്യമായ കാലാവസ്ഥ ആണെന്നാണ് പൊതുവേ വിലയിരുത്തുന്നത്. മൂന്ന് നോട്‌സിനു താഴെയാണ് നദിയിലെ നീരൊഴുക്ക്. ഇന്നലെ വൈകിട്ടോടെ ഒന്നാമത്തെ പാലം കടന്ന് മുന്നോട്ട് ഡ്രെഡ്ജര്‍ വന്നെങ്കിലും പ്രതിസന്ധി കാരണം എത്തിക്കാന്‍ സാധിച്ചില്ല. നിലവില്‍ റെയില്‍വേ പാലത്തിന് ഏതാനും കിലോമീറ്ററുകള്‍ അപ്പുറം നങ്കൂരമിട്ട അവസ്ഥയിലാണ് ഡ്രെഡ്ജര്‍.

അര്‍ജുനെ കൂടാതെ ഷിരൂര്‍ സ്വദേശി ജഗനാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്. ജൂലൈയ് പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്.