വി വി പാറ്റ് രസീതുകള്‍ എണ്ണണം, പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി; അഞ്ചു ശതമാനം രസീതുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങളെ തള്ളി വി വി പാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ മണ്ഡലങ്ങളിലും അഞ്ചു ശതമാനം വി വി പാറ്റ് രസീത് എണ്ണണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. ഒരു ശതമാനം വി വി പാറ്റ് രസീത് എണ്ണാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതു പോരാ മറിച്ച് എല്ലാ മണ്ഡലങ്ങളിലും അഞ്ചു ശതമാനം വി വി പാറ്റ് രസീത് എണ്ണണമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ ഫലപ്രഖ്യാപനം മണിക്കൂറുകള്‍ വൈകിയേക്കും.

വി വിപാറ്റ് എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 21 പ്രതിപക്ഷ കക്ഷി നേതാക്കളോടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിനു ശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ഹര്‍ജിയിലെ ആവശ്യം.

വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് രാജ്യത്തെ ഏതാണ്ട് എല്ലാ  പ്രതിപക്ഷ കക്ഷികളും വര്‍ഷങ്ങളായി ആരോപണമുന്നയിക്കുന്നതാണ്. എന്നാല്‍ ഇത് മുഖവിലക്കെടുക്കാന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെയാണ് പ്രതിപക്ഷ കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ 50 ശതമാനം വി വിപാറ്റ് രസീതുകള്‍ എണ്ണുന്നതില്‍ എതിര്‍പ്പുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണിയാല്‍ വോട്ടെണ്ണല്‍ 6 ദിവസം വരെ നീളുമെന്നും ഒരു പോളിംഗ് ബൂത്തിലെ വിവിപാറ്റ് എണ്ണുന്ന നിലവിലെ രീതിയാണ് പ്രായോഗികമെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിരിക്കുന്നത്. വിവി പാറ്റ് രസീതുകള്‍ എണ്ണുമ്പോഴും പിഴവുകള്‍ സംഭവിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു.

Read more

ഓരോ നിയമസഭാ മണ്ഡലത്തിലെയും എല്ലാ പോളിംഗ് ബൂത്തുകളിലെയും രസീതുകള്‍ എണ്ണുന്ന നിലവിലെ സമ്പ്രദായം മാറ്റണമെന്നാവശ്യപ്പെടാന്‍ പ്രതിപക്ഷനേതാക്കള്‍ക്കു കഴിയില്ലെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷകക്ഷികള്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി തള്ളണമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 29ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.