ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണമെന്ന് സുപ്രീംകോടതി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിയമിതരാകുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണമെന്ന ആവശ്യം ശരിവച്ച് സുപ്രീംകോടതി. പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണമെന്ന നിബന്ധനയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ച് തള്ളുകയായിരുന്നു.

പഞ്ചാബ്, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വീസ് കമ്മീഷനുകളാണ് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിയമിതരാകുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പ്രാദേശിക ഭാഷയില്‍ തെളിവുകളും സാക്ഷികളെയും കൈകാര്യം ചെയ്യേണ്ടി വരുമെന്നും ബഞ്ച് വ്യക്തമാക്കി.

അതിനാല്‍ വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ മുന്നോട്ടുവച്ച നിബന്ധന സാധുതയുള്ളതാണെന്നും കോടതി വ്യക്തമാക്കി. പ്രാദേശിക ഭാഷ ഔദ്യോഗികമായി കൈകാര്യം ചെയ്യേണ്ടി വരുമെന്ന വിലയിരുത്തലില്‍ പബ്ലിക് സര്‍വീസ് കമ്മീഷനുകളുടെ ആവശ്യം ന്യായമാണെന്ന് കോടതി അറിയിച്ചു.