നിലപാട് കടുപ്പിച്ച് സുപ്രീംകോടതി; നീറ്റ് പരീക്ഷ വിവാദത്തിൽ എൻടിഎയോട് വിശദീകരണം തേടി

നീറ്റ് പരീക്ഷ ക്രമക്കേടിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പരീക്ഷയുമായി ബന്ധപ്പെട്ട ആക്ഷേപം പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്ന് കോടതി വിമർശിച്ചു. വിവാദത്തിൽ എൻടിഎയോട് സുപ്രീം കോടതി വിശദീകരണവും തേടിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും പരീക്ഷ നടത്തണമെന്നുമുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിലപാട്.

വിഷയത്തിൽ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതി നൽകിയ നിർദേശം. നീറ്റ് പരീക്ഷാഫലം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കൗൺസിലിംഗ് നടപടികളുമായി എൻടിഎക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. അടുത്ത മാസം 8-ന് ഹർജി വീണ്ടും പരിഗണിക്കും.

കഴിഞ്ഞ തവണ നീറ്റ് പരീക്ഷ എഴുതിയവരില്‍ രണ്ടുപേര്‍ മാത്രം മുഴുവന്‍ മാര്‍ക്ക് നേടിയപ്പോള്‍ ഇത്തവണ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. ഇതില്‍ ഏഴു പേര്‍ ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരായിരുന്നു. ഈ അസ്വാഭാവികതയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചോദ്യം ചെയ്തത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദൂരീകരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. 23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ കേരളത്തില്‍ നിന്ന് മാത്രം യോഗ്യത നേടിയത് 86,681 കുട്ടികളാണ്. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലായി ആകെ ലഭ്യമായ സീറ്റ് ഒരു ലക്ഷത്തിന് അടുത്താണ്. സംസ്ഥാനത്ത് ഇത് 1500ല്‍ താഴെ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ പരീക്ഷ പാസായിട്ടും ഉപരിപഠനം ഇവര്‍ക്ക് മുന്നില്‍ വലിയ ചോദ്യ ചിഹ്നമാണ്.

ചോദ്യങ്ങളുടെ നിലവാരം കുറയുന്നതും പരീക്ഷ നടത്തിപ്പിലെ വീഴ്ചകളും അനര്‍ഹര്‍ക്ക് അവസരം ഒരുക്കുന്നതായി ആരോപണമുയർന്നിരുന്നു. പുനര്‍ മൂല്യനിര്‍ണയം അല്ലെങ്കില്‍ വീണ്ടും പരീക്ഷ നടത്തണം എന്നുള്ളതായിരുന്നു ഇവരുടെ ആവശ്യം. ഗ്രേസ് മാര്‍ക്കിന് മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉറ്റുനോക്കിയ ജൂണ്‍ നാലിനാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്.

Read more