കനയ്യ കുമാർ കയറിയ ക്ഷേത്രം ​ഗം​ഗാജലം കൊണ്ട് കഴുകി വൃത്തിയാക്കി; വീഡിയോ പുറത്ത്, സംഭവം ബിഹാറിൽ

കോൺ​ഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദർശനത്തിന് പിന്നാലെ ബിഹാറിൽ ക്ഷേത്രം ​ഗം​ഗാജലം കൊണ്ട് വൃത്തിയാക്കി. ബിഹാർ സഹർസ ജില്ലയിലെ ബാൻ​ഗാവിലെ ഭ​ഗവതി സ്ഥാനിലുള്ള ദുർ​ഗാ ക്ഷേത്രത്തിലാണ് സംഭവം. ബിഹാറിൽ നടത്തുന്ന റാലിക്കിടെയാണ് കനയ്യ കുമാർ ക്ഷേത്രത്തിലെത്തിയത്. സംഭവത്തിൽ പ്രതിഷേധവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി.

ചൊവ്വാഴ്ച രാത്രിയോടെയാണ് കനയ്യ കുമാർ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രപരിസരത്തെ മണ്ഡപത്തിൽവെച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. കനയ്യ കുമാർ മടങ്ങിയതിന് തൊട്ടടുത്തദിവസം ചിലർ ചേർന്ന് ഈ മണ്ഡപം ​വൃത്തിയാക്കുകയായിരുന്നു. ​നഗർ പഞ്ചായത്ത് ബൻ​ഗാവ് വാർഡ് കൗൺസിലർ ആയ അമിത് ചൗധരിയായിരുന്നു നേതൃത്വം. ഗംഗാജലം ഉപയോ​ഗിച്ചാണ് മണ്ഡപം വൃത്തിയാക്കിയതെന്നാണ് ഇവർ പ്രതികരിച്ചത്.

കുടിയേറ്റം നിർത്തുക, ജോലി നൽകുക എന്ന മുദ്രാവാക്യവുമായി നിലവിൽ ബിഹാറിൽ റാലി നടത്തുകയാണ് കനയ്യ കുമാർ. കനയ്യ കുമാർ രാജ്യത്തിന് വിരുദ്ധമായി സംസാരിച്ചെന്നും ക്ഷേത്രത്തിലെ ഭ​ഗവതി സ്ഥാനത്തുനിന്നാണ് സംസാരിച്ചതെന്നും അവർ പറഞ്ഞു. ക്ഷേത്രം വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കനയ്യ കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ പുതിയ വിവാദമാണ് ഈ സംഭവത്തോടെ ഉയർന്നിരിക്കുന്നത്.