ജെഎൻയു പ്രവേശനത്തിന് ഇനി പ്രത്യേക പ്രവേശന പരീക്ഷയില്ല; പ്രതിഷേധിച്ച് അധ്യാപക - വിദ്യാർത്ഥി സംഘടനകൾ

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി പ്രവേശനത്തിന് ഇനി മുതൽ പ്രത്യേക പ്രവേശന പരീക്ഷയില്ല. കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയിൽ ഇനി ജെഎൻയുവിനെക്കൂടി ഉൾപ്പെടുത്താനുള്ള ശിപാർശ അക്കാദമിക്ക് കൗൺസിൽ അംഗീകരിച്ചു. കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള സിയുസിഇടി (Central Universities Common Entrance Test – CUCET) പരീക്ഷ തന്നെയായിരിക്കും ഇനി ജെഎൻയു പ്രവേശനത്തിന്റെയും മാനദണ്ഡം. ഈ വർഷം മുതൽ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET )വഴി പ്രവേശനം നടത്തും.

അതേസമയം തീരുമാനത്തിൽ അക്കാദമിക്ക് കൗൺസിൽ യോഗത്തിൽ അധ്യാപക സംഘടന പ്രതിഷേധം രേഖപ്പെടുത്തി. ചർച്ചകൾ നടത്താതെയുള്ള വിസിയുടെ ഏകപക്ഷീയ നീക്കമാണ് ഇതെന്നാണ് അധ്യാപക – വിദ്യാർത്ഥി സംഘടനകൾ കുറ്റപ്പെടുത്തുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് സിയുസിഇടി പരീക്ഷ നടത്തുന്നത്. എല്ലാ കേന്ദ്ര സർവ്വകലാശാലകളിലും ഇത് നടപ്പിലാക്കാനുള്ള ശ്രമമുണ്ട്. 2022 ലെ ബിരുദ പ്രവേശനം ഇങ്ങനെ നടത്തുമെന്ന് ഡൽഹി യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

Read more

അക്കാദമിക് കൗൺസിൽ യോഗത്തിൽ തീരുമാനത്തിന് ശക്തമായ പിന്തുണ കിട്ടിയെന്നാണ് അഡ്മിഷൻസ് ഡയറക്ടർ ജയന്ത് ത്രിപാഠി പറയുന്നത്. സിയുസിഇടി പരീക്ഷ കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്നും ഒരുപാട് പരീക്ഷകൾ എഴുതേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുമെന്നുമാണ് വാദം.