കാർഷിക നിയമങ്ങളിലെ ഒരു പോരായ്മയെങ്കിലും ചൂണ്ടിക്കാണിക്കുന്നതിൽ എതിർക്കുന്നവർ പരാജയപ്പെട്ടു: കേന്ദ്ര കൃഷി മന്ത്രി

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം രാജ്യത്തെ ഒരു സംസ്ഥാനം മാത്രമാണ് നടത്തുന്നതെന്നും സമരത്തിൽ പങ്കെടുക്കാൻ കർഷകരെ പ്രേരിപ്പിക്കുകയാണെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പാർലമെന്റിൽ പറഞ്ഞു. ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷകരുടെ വൻ പ്രക്ഷോഭം 72-ാം ദിവസത്തിലേക്ക് കടന്ന വേളയിലാണ് നരേന്ദ്ര സിംഗ് തോമറിന്റെ വാക്കുകൾ.

കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിനെ സൂചിപ്പിച്ചു കൊണ്ടാണ് ഒരു സംസ്ഥാനം മാത്രമാണ് പ്രതിഷേധം നടത്തുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടത്. മൂന്ന് പുതിയ കാർഷിക നിയമങ്ങളെച്ചൊല്ലി രാജ്യത്തുടനീളമുള്ള കർഷകർ പ്രക്ഷോഭത്തിലാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ പ്രതിരോധിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി നരേന്ദ്ര സിംഗ് തോമർ.

വെള്ളം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നതെന്ന് ലോകത്തിന് അറിയാം. എന്നാൽ കോൺഗ്രസിന് മാത്രമേ രക്തം കൊണ്ട് കൃഷി ചെയ്യാൻ കഴിയൂ, മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

മൂന്ന് പുതിയ കാർഷിക നിയമങ്ങളിലെ ഒരു പോരായ്മയെങ്കിലും ചൂണ്ടിക്കാണിക്കുന്നതിൽ കർഷക യൂണിയനുകളോ പ്രതിപക്ഷ പാർട്ടികളോ പരാജയപ്പെട്ടുവെന്നും സർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും കർഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.

ഈ നിയമത്തിൽ എന്താണ് കുറവ് എന്ന് ഞങ്ങൾ ചോദിക്കുന്നു, എന്നാൽ അത് ചൂണ്ടിക്കാട്ടി ആരും മുന്നോട്ട് വരുന്നില്ല, കേന്ദ്രത്തിന്റെ നിലപാട് ആവർത്തിച്ചു കൊണ്ട് നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

Read more

നിയമങ്ങൾ റദ്ദാക്കണമെന്ന കർഷകരുടെ ആവശ്യത്തെ പിന്തുണയ്ക്കുന്ന കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും വിവാദപരമായ പുതിയ നിയമങ്ങളെ പ്രതിരോധിക്കുന്ന സർക്കാരിനെ പാർലമെന്റിൽ രൂക്ഷമായി വിമർശിച്ചു.