കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ മൂന്നു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഇതുവരെ ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്. ഭരണഘടനാവിരുദ്ധമായ നിയമമാണിതെന്നും മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. സാദ്ധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ചോദ്യം ചെയ്യും. കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കും. ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ബില്‍ ഭരണഘടനാവിരുദ്ധമാണെന്ന നിലപാടെടുത്തു. ഇന്ത്യയുടെ മതേതര സ്വഭാവത്തിന് നേരെയുള്ള ആക്രമണമാണ് ബില്‍. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ലംഘിക്കുന്ന, ഇന്ത്യയിലെ ജനങ്ങളുടെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന ഒരു നിയമം പാസാക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ല.
ഭരണഘടനയുടെ മൂല്യങ്ങളെ ലംഘിക്കുന്ന ബില്ലിനെ തള്ളിക്കളഞ്ഞതായി പ്രഖ്യാപിക്കണം. രാജ്യത്തിന്റെ ശക്തി നാനാത്വമാണ്. അതിനെ തകര്‍ക്കുന്ന നിയമം തന്റെ സര്‍ക്കാര്‍ നടപ്പിലാക്കില്ല. സംസ്ഥാനത്തെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉപയോഗിച്ച് ബില്ലിനെ എതിര്‍ക്കുമെന്നും അമരീന്ദര്‍ വ്യക്തമാക്കി.
Read more
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ തന്നെ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള കാലത്തോളം പൌരത്വ പട്ടികയും പൌരത്വ ഭേദഗതി നിയമവും സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മമത പറഞ്ഞു. ഒരു പൗരനെയും രാജ്യത്ത് നിന്ന് പറഞ്ഞയക്കാന്‍ അനുവദിക്കില്ല. എന്തുവില കൊടുത്തും ചെറുക്കും. മതേതര രാജ്യമായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നും മമത വ്യക്തമാക്കുകയുണ്ടായി.