ഭീമ കൊറേഗാവ് കേസ് അന്വേഷണം എൻ.ഐ.എക്ക് കൈമാറിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. സത്യം പുറത്തുവരുമെന്ന ഭയം കാരണമാണ് കേസ് ഏകപക്ഷീയമായി എൻ.ഐ.എക്ക് കൈമാറിയതെന്ന് ശരദ് പവാർ ആരോപിച്ചു.
ഇത്ര ധൃതിപിടിച്ച് അന്വേഷണം എൻ.ഐ.എക്ക് കൈമാറാനുള്ള കാരണമെന്തെന്ന് ശരദ് പവാർ ചോദിച്ചു. സത്യം പുറത്തുവരുമെന്നുള്ള ഭയമാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറാനുള്ള കാരണം. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ശരദ് പവാർ പിന്തുണച്ചു. മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി ആളുകളെ ജയിലിലടയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭീമ കൊറേഗാവ് കേസ് പുനരന്വേഷണം നടത്താൻ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം എടുത്ത സാഹചര്യത്തിലാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയതെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കിയിരുന്നു. സർക്കാരിനെ അറിയിക്കാതെ കേന്ദ്രം കൈക്കൊണ്ട തീരുമാനം ഭരണഘടനാ ലംഘനമാണെന്നും അനില്‍ ദേശ്മുഖ് ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ കേസ് പുനരന്വേഷണം സംബന്ധിച്ച ചർച്ചകൾ ഉപമുഖ്യമന്ത്രി അജിത് പവാര്‍, ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ‘അര്‍ബന്‍ നക്സലുകള്‍’ എന്നാരോപിച്ച് അറസ്റ്റ്ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് എതിരെ പുണെ പൊലീസ് നല്കിയ തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പൊലീസ് നല്കിയ തെളിവുകള്‍ വ്യാജമായി സൃഷ്ടിച്ചതാണെന്ന സംശയമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്.
തുടർന്നാണ് കേസ് പുനരന്വേഷിക്കാനുള്ള ധാരണയിലെത്തിയത്. എന്നാൽ, ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ കേസ് എൻ.ഐ.എക്ക് കൈമാറുകയായിരുന്നു. കേസിൽ 13 ഓളം മനുഷ്യാവകാശ പ്രവർത്തകർ അറസ്റ്റിലാണ്.
Read more
ഭീമ-കൊറേഗാവ് കേസ് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ വഴിതിരിച്ചുവിട്ടതാണെന്ന് ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും ശരദ് പവാര്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയച്ചിരുന്നു. ഇതോടെയാണ് പുനരന്വേഷണത്തിന് നീക്കം തുടങ്ങിയത്. പുണെയില്‍ നടന്നത് ജാതീയ സംഘര്‍ഷമായിരുന്നുവെന്നും യഥാര്‍ഥ പ്രതികളിലേക്ക് നീങ്ങാതെ സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകരെ കേസില്‍ കുടുക്കുകയാണ് ചെയ്തതെന്നും പവാര്‍ കത്തില്‍ ആരോപിച്ചു.