ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റവാളികളുടെ അപ്പീലിൽ നോട്ടീസ് നൽകി സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ കുറ്റവാളികൾ നൽകിയ പ്രത്യേക അനുമതി ഹർജികളിലും അപ്പീലുകളിലുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കെ.കെ രമ ഉൾപ്പടെയുള്ള എതിർകക്ഷികൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
6 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് കോടതി നിർദ്ദേശം. ഇത് രാഷ്ട്രീയ കേസാണെന്ന് പറഞ്ഞ പ്രതികൾ, അപ്പീൽ അംഗീകരിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. എതിർ ഭാഗത്തെ കേൾക്കാതെ അപ്പീൽ അംഗീകരിക്കാൻ സാധ്യമല്ലെന്ന് പറഞ്ഞാണ് കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചത്. പ്രതികളുടെ ജാമ്യം സംബന്ധിച്ചുള്ള ആവശ്യത്തിലും നോട്ടീസ് അയച്ചിട്ടുണ്ട്.
ടി പി കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെയും വിചാരണക്കോടതിയുടെയും പരിഗണനയിലുള്ള എല്ലാ രേഖകളും സുപ്രീം കോടതിയിലേക്ക് വിളിപ്പിച്ചു. ജസ്റ്റിസ് മാരായ ബേല എം. ത്രിവേദി, എസ്. സി. ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് കുറ്റവാളികൾ ഫയൽ ചെയ്‌ത പ്രത്യേക അനുമതി ഹർജികളും അപ്പീലുകളും പരിഗണിച്ചത്. വിശദമായി കേൾക്കേണ്ട കേസാണിതെന്ന് ഹർജി പരിഗണയ്ക്ക് എടുത്തപ്പോൾത്തന്നെ ബെഞ്ചിന് നേത്യത്വം നൽകിയ ജസ്റ്റിസ് ബേല എം. ത്രിവേദി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.