ജമ്മു- ശ്രീനഗർ പാതയിൽ തുരങ്കം തകർന്ന സംഭവം; മൂന്ന് മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ജമ്മു ശ്രീനഗർ ദേശീയപാതയിൽ നിർമാണത്തിലിരിക്കെ തുരങ്കം തകർന്നു വീണ സംഭവത്തിൽ മൂന്നുപേർ മരിച്ചു. നാലുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. സംഭവ സ്ഥലത്ത് പൊലീസും സൈന്യവും രക്ഷാപ്രവർത്തനം തുടരുകയാണ്.

മണ്ണിനടിയിൽ ഏഴുപർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. റംമ്പൻ ജില്ലയിലെ മങ്കേർകോട്ടിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്.

തുരങ്കത്തിൻറെ പ്രവേശനഭാഗത്തുനിന്നും മുപ്പത് മീറ്റർ ഉള്ളിലേയ്ക്കുള്ള ഭാഗമാണ് തകർന്നുവീണത്. ഇരുപതോളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ടായിരുന്നു. തൊഴിലാളികളിൽ അഞ്ചുപേർ ബംഗാളിൽ നിന്നുള്ളവരും രണ്ടുപേർ നേപ്പാൾ സ്വദേശിയും ഒരാൾ അസം സ്വദേശിയും ബാക്കിയുള്ളവർ നാട്ടുകാരുമാണ്.

പരുക്കേറ്റവരെ ജമ്മു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദേശീയപാത 44ൽ മണ്ണിടിച്ചിൽ പതിവായ പന്തിയാൽ മേഖലയിലാണ് തുരങ്കം നിർമിക്കുന്നത്. കല്ലുകൾ തുടർച്ചയായി ഇടഞ്ഞുവീണത് രക്ഷാദൗത്യം വൈകാൻ കാരണമായി.

തുരങ്കത്തിന് മുന്നിലുണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എഡിജിപി മുകേഷ് സിങ്ങും ജമ്മു ഡിസിപി സുശീൽ ഗുപ്തയും എസ്എസ്പി മോഹിത ശർമയും ദേശീയപാത അതോറിറ്റി മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.