ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ നയതന്ത്ര വിദഗ്ധന്റെ ടിറ്റ്വര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്രവിദഗ്ധന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തശേഷം സൈബര്‍ അക്രമികള്‍ പാകിസ്താന്‍ പ്രസിഡന്റ് മമ്‌നൂന്‍ ഹുസൈന്റെയും പാക് പതാകയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. നയതന്ത്ര വിദഗ്ധനായ സൈദ് അക്ബറുദ്ദീനിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് സൈബര്‍ അക്രമികള്‍ ഹാക്ക് ചെയ്തത്. പുലര്‍ച്ചെയായിരുന്നു സംഭവം. ഐക്യരാഷ്ട്രസഭയിലെ സ്ഥിരംസമിതി അംഗം കൂടിയാണ് ഇദ്ദേഹം.

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് കൂടാതെ വെരിഫൈഡ് അക്കൗണ്ടിനെ സൂചിപ്പിക്കുന്ന നീല ടിക്ക് ചിഹ്നവും അക്രമികള്‍ മാറ്റിയിരുന്നു. അക്കൗണ്ട് സൈബര്‍ വിഭാഗം പുനരുജ്ജീപ്പിച്ചിട്ടുണ്ട്. വിവാദങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള പോസ്റ്റുകളും ട്വീറ്റുകളും സൈബര്‍ വിഭാഗം നീക്കിയിട്ടുണ്ട്. പാകിസ്താനിലെ ഭീകരവാദ സംഘടനകളാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

അക്കൗണ്ട് പുനരുജ്ജീവപ്പിച്ചതിന് പിന്നാലെ ട്വിറ്റര്‍ ഇന്ത്യയ്ക്കും സഹായിച്ചവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് സയിദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തു.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ട്വിറ്റര്‍, ഫെയ്‌സബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് ഇതാദ്യമല്ല. 2013 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയുടെ 700 ഓളം സൈറ്റുകളാണ് ഹാക്ക് ചെയ്തിട്ടുള്ളത്. ഇതില്‍ 2016 ല്‍ മാത്രം 200 സര്‍ക്കാര്‍ വെബ്‌സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.