കര്‍ണാടക നിയമസഭയില്‍ വ്യത്യസ്തമായ ആവശ്യവുമായി ജെഡിഎസ് എംഎല്‍എ. ജെഡിഎസ് എംഎല്‍എ എംടി കൃഷ്ണപ്പ സംസ്ഥാനത്ത് പുരുഷന്‍മാര്‍ക്ക് മദ്യം സൗജന്യമായി നല്‍കണമെന്ന വിവാദ ആവശ്യവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് സംസ്ഥാനത്ത് ആഴ്ചയില്‍ രണ്ട് കുപ്പി മദ്യമെങ്കിലും സൗജന്യമായി നല്‍കണമെന്നാണ് എംഎല്‍എയുടെ ആവശ്യം.
സഹകരണ സംഘം വഴി മദ്യം വിതരണം ചെയ്യണമെന്നായിരുന്നു എംഎല്‍എ ആവശ്യപ്പെട്ടത്. സ്പീക്കര്‍ സാര്‍ തെറ്റിദ്ധരിക്കരുത്. നിങ്ങള്‍ 2000 രൂപ സൗജന്യമായി നല്‍കുമ്പോള്‍ സൗജന്യ വൈദ്യുതി നല്‍കുമ്പോള്‍ അത് നമ്മുടെ പണമാണ്. അതുകൊണ്ടാണ് മദ്യപാനികള്‍ക്കും ആഴ്ചയില്‍ രണ്ട് കുപ്പികള്‍ സൗജന്യമായി നല്‍കാന്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു എംഎല്‍എ പറഞ്ഞത്.
എല്ലാ മാസവും പണം അടയ്ക്കാന്‍ കഴിയില്ല, അല്ലേ? വെറും രണ്ട് കുപ്പികള്‍. നമ്മുടെ പണമാണ് ശക്തി യോജനയ്ക്കും സൗജന്യ ബസിനും വൈദ്യുതിക്കും നല്‍കുന്നത്. അല്ലേ? പുരുഷന്മാര്‍ക്ക് ഓരോ ആഴ്ചയും രണ്ട് കുപ്പികള്‍ നല്‍കുന്നതില്‍ എന്താണ് തെറ്റ്? സഹകരണ സംഘം വഴി സര്‍ക്കാര്‍ വിതരണം ചെയ്യട്ടെയെന്നും കൃഷ്ണപ്പ കൂട്ടിച്ചേര്‍ത്തു.
മലയാളിയായ മന്ത്രി കെജെ ജോര്‍ജിനോടായിരുന്നു കൃഷ്ണപ്പയുടെ ആവശ്യം. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ജയിച്ച് ഭരണം തിരിച്ചു പിടിച്ച ശേഷം നടപ്പിലാക്കിക്കോളൂ എന്ന് കെജെ ജോര്‍ജ് മറുപടി നല്‍കി. മദ്യ ഉപഭോഗം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും കെജെ ജോര്‍ജ് മറുപടിയായി പറഞ്ഞു.
Read more
നിര്‍ദ്ദേശം പ്രായോഗികമല്ലെന്ന് സ്പീക്കര്‍ യുടി ഖാദറും പ്രതികരിച്ചു. രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കാനുള്ള നിര്‍ദ്ദേശം ബുദ്ധിമുട്ടാണ്. രണ്ടുകുപ്പി സൗജന്യമായി നല്‍കാന്‍ തുടങ്ങിയാല്‍ സ്ഥിതി എന്തായിരിക്കുമെന്ന് സങ്കല്‍പ്പിച്ചു നോക്കൂവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.