സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മാപ്പർഹിക്കാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതികൾ ആരുമാകട്ടെ അവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ പ്രതികൾ മാപ്പർഹിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരുകളെ ഒരിക്കൽ കൂടി ഓർമിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊൽക്കത്തയിൽ പി ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. മഹാരാഷ്ട്രയിൽ നടന്ന ലഖ്പതി ദീദി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
Jalgaon, Maharashtra: ‘The security of women is also very important for our country. I will once again tell every state government that crimes against women are unforgivable. No matter who the culprit is, they should not be spared,’ says PM Modi at the Lakhpati Didi Sammelan pic.twitter.com/6I1SSo9FOk
— IANS (@ians_india) August 25, 2024
പശ്ചിമബംഗാളിലെ ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഓഗസ്റ്റ് ഒമ്പതിനായിരുന്നു സംഭവം. ആശുപത്രിയിലെ സെമിനാർ ഹാളിൽ വിശ്രമിക്കാനെത്തിയ യുവ ഡോക്ടറെ പ്രതിയായ സഞ്ജയ് റോയ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സെമിനാർ ഹാളിൽ നിന്നും അർധനഗ്നയായ നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ റോയിയെ പൊലീസ് പിടികൂടിയിരുന്നു.
അതേസമയം ഇതിനിടെ മഹാരാഷ്ട്രയിലെ ബദൽപൂരിൽ നാല് വയസ് മാത്രം പ്രായമൂള്ള രണ്ട് പെൺകുട്ടികളെ സ്കൂളിലെ സുരക്ഷ ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാനത്തും പ്രതിഷേധം തുടരുന്നുണ്ട്. ബദൽപൂരിലെ സ്വകാര്യ സ്കൂളിലെ ശുചിമുറിയിൽ വെച്ച് ശുചീകരണ തൊഴിലാളി കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ദാദാ മോശമായി രീതിയിൽ തൊട്ടുവെന്നായിരുന്നു കുട്ടികളുടെ പ്രതികരണം. സ്വകാര്യഭാഗങ്ങളിൽ വേദനയനുഭവപ്പെടുന്നുവെന്ന് ഒരു കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്.
രാജ്യത്ത് ഓരോ മണിക്കൂറിലും സ്ത്രീകൾക്കെതിരായ 55 അതിക്രമക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായാണ് നാഷണൽ ക്രൈംറെക്കോർഡ് ബ്യൂറോയുടെ കണക്ക്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി ഓരോ ദിവസവും ബലാത്സംഗത്തിനും അക്രമത്തിനും ഇരയാക്കപ്പെടുന്നവരുടെ കണക്ക് എണ്ണമറ്റതാണ്. എന്ത് സുരക്ഷയാണ് സ്ത്രീകൾക്കായി രാജ്യം നൽകുന്നത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
2022ൽ മാത്രം 4.45 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021ൽ ഇത് 4.28 ലക്ഷവും 2020ൽ 3.71
ലക്ഷവുമായിരുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ഉത്തർപ്രദേശിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ 65,743 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021ൽ ഇത് 56,083ഉം 2020ൽ 49,385 ഉം ആയിരുന്നു എന്നിരിക്കെയാണ് കേസുകൾ കുത്തനെ ഉയർന്നത്. 2022ൽ 45,331 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് രണ്ടാമത്. രാജസ്ഥാനാണ് ഇക്കാലയളവിൽ സ്ത്രീകൾക്കെതിരായ അതിക്രമക്കേസുകളിൽ മൂന്നാമത്- 45,058 എണ്ണം.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഓഗസ്റ്റിലേത് മാത്രം കണക്കെടുത്താൽ അതിലേറെയും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഉത്തർപ്രദേശിലാണ്. ദിനം പ്രതി ഒട്ടനവധി ഞെട്ടിപ്പിക്കുന്ന ക്രൂരതയുടെ സംഭവങ്ങളാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്നത്. യു.പിയിൽ 17കാരിയായ പെൺകുട്ടിയെ സ്വന്തം പിതാവ് ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഒരു വർഷത്തിലേറെയായി പിതാവ് മകളെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. അതിനിടെ മധ്യപ്രദേശിലെ ഷഹ്ദോൽ ജില്ലയിൽ 16കാരിയെ 69കാരൻ ബലാത്സംഗം ചെയ്‌തായുള്ള റിപ്പോർട്ടും ഈ അടുത്തിടെ പുറത്ത് വന്നു. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് ഇയാൾ കയറി പീഡിപ്പിച്ചത്.
അതിനിടെ ഉത്തർപ്രദേശിൽ സഹോദരിമാർ പുഴയിൽ ചാടി ആത്മഹത്യ ചെയ്ത മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തു. പത്തൊൻപതും പതിനേഴും വയസുള്ള സുനിത, പുനിത എന്നീ പെൺകുട്ടികളാണ് മരിച്ചത്. കുട്ടികളെ ഇവരുടെ മൂത്ത സഹോദരിയുടെ ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതിൽ മനം നൊന്താണ് കുട്ടികൾ ആത്മഹത്യ ചെയ്തത്.
യുപിയിൽ മാത്രമല്ല രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലും അതിക്രമങ്ങൾ വർധിക്കുകയാണ്. കൊൽക്കത്തയിലെ മെഡിക്കൽ കോളേജിൽ യുവ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെ മറ്റൊരു അതിദാരുണമായ കൊലപാതകം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തരാഖണ്ഡിൽ നേഴ്‌സിനെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പ്രതി നഴ്സിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒരാഴ്‌ചയ്‌ക്ക് ശേഷം ഉത്തരാഖണ്ഡിലെ ദിബ്‌ഡിബയിലെ ആളൊഴിഞ്ഞ പ്ലോട്ടിൽ നിന്നാണ് നഴ്‌സിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് നേഴ്സ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. നഴ്സിന്റെ തല തകർത്തതായും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ 28 കാരനായ പ്രതിയെ രാജസ്ഥാനിൽ നിന്നും പിടികൂടി.
ബെംഗളൂരുവിൽ യുവാവ് പെൺകുട്ടിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്‌ത് ബൈക്കിൽ കയറ്റി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിനിരയാക്കിയതാണ് മറ്റൊരു സംഭവം. സിറ്റി കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയായ പെൺകുട്ടി കോറമംഗലയിൽനിന്ന് ഹെബ്ബഗോഡിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം ലിഫ്റ്റ് നൽകിയ ബൈക്ക് യാത്രികൻ പെൺകുട്ടിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തതും തഞ്ചാവൂരിൽ 22 കാരിയായ യുവതിയെ സുഹൃത്തും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തതും എല്ലാം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രമങ്ങളും ക്രൂരതകളുമാണ്.
സംഭവം ധർമപുരി കീഴ്മൊരപ്പൂർ ഗ്രാമത്തിലാണ് മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തത്. വീടിനു മുന്നിൽ വച്ച് 50 കാരിയായ ഇവരെ വിവസ്ത്രയാക്കി അപമാനിച്ച സംഘം ഇവരെ തട്ടിക്കൊണ്ട് പോയി രാത്രി മുഴുവൻ പീഡനത്തിനിരയാക്കി. തഞ്ചാവൂരിൽ 22 കാരിയായ യുവതി ചെന്നൈയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെ എത്തിയ സുഹൃത്തും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌യുകയായിരുന്നു. സ്വകാര്യ കൂടിക്കാഴ്‌ച ആവശ്യപ്പെട്ട് സുഹൃത്ത് ബന്ധപ്പെട്ടപ്പോൾ മൂന്ന് ദിവസം മുമ്പ് യുവതി നാട്ടിലേക്കെത്തിയിരുന്നു. തുടർന്ന് യുവതിയുടെ വീടിന് എതിർവശത്തുള്ള ആളൊഴിഞ്ഞ ഷെഡിലേക്ക് പോയി. ഇവിടെ വച്ചാണ് യുവതിയെ സുഹൃത്തും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
ഇതിനിടെ മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി തമിഴ് നാട്ടിൽ റിപ്പോർട്ട് ചെയ്തു. എൻസിസി ക്യാമ്പിലെ 14 പെൺകുട്ടികളെ ട്രൈനെർ പീഡിപ്പിച്ചതായിരുന്നു സംഭവം. തമിഴ്‌നാട് കൃഷ്‌ണഗിരി ജില്ലയിലാണ് വ്യാജ എൻസിസി ക്യാമ്പ് സംഘടിപ്പിച്ച് സ്കൂൾവിദ്യാർത്ഥിനികളെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പാർട്ട് ടൈം എൻസിസി ട്രെയിനർ ശിവരാമനടക്കം 11 പേരെ പോലീസ് അറസ്റ്റു ചെയ്തു.
ഇതെല്ലം ഓഗസ്റ്റ് മാസം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ചുരുക്കം ചില കേസുകൾ മാത്രമാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പീഡനത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഗാർഹിക പീഡനവും, സ്ത്രീധന പീഡനവും ഒക്കെ ഇതിൽ ഉൾപ്പെടും. ദിനംപ്രതി രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്കെതിരെ മാത്രമല്ല കുട്ടികളും ഇതിന് ഇരയാകുന്നു എന്നതും വാസ്തവമാണ്. നിയമം ഇത്രയും ശക്തമായിട്ടും ആക്രമണങ്ങൾക്ക് ഒരു കുറവുമില്ല എന്നതാണ് സത്യം. ഇതെല്ലം തടയാൻ എന്ത് മാറ്റമാണ് വരേണ്ടതെന്ന് നാം ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. നമ്മളുടെ രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരാവണം. അതിനായി നിയമങ്ങൾ മാറ്റി എഴുതണമെങ്കിൽ അങ്ങനെ ചെയ്യുക തന്നെ വേണം.