സംസ്ഥാനത്തിന് 5,990 കോടി രൂപയുടെ അധിക കടം എടുക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളം 12,000 കോടിയുടെ വായ്പയ്ക്കാണ് കേന്ദ്രത്തോട് അനുമതി തേടിയത്. എന്നാല്‍ 5,990 കോടി രൂപയുടെ വായ്പയ്ക്കാണ് നിലവില്‍ അനുമതി ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 18ന് കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേരളത്തിന് അധികതുക കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, സംസ്ഥാന ധനകാര്യസെക്രട്ടറി ഡോ എ ജയതിലക്, കേന്ദ്ര ധനവകുപ്പ് ജോയിന്റ് സെക്രട്ടറി പങ്കജ് ശര്‍മ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
Read more
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ വായ്പ അനുമതി നേടിയിരിക്കുന്നത്. വൈദ്യുതി മേഖലയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതില്‍ 6,250 കോടിയും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തുടരുന്നതിനുമായി 6,000 കോടിയും കടമെടുക്കാന്‍ അവകാശമുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.