കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും; സാമ്പത്തിക വിദഗ്ധരുമായുള്ള മോദിയുടെ യോഗം ഇന്ന്

2020-21 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടക്കുന്ന ആദ്യത്തെ മുഴുവൻ വർഷ ബജറ്റാണിത്.

ബജറ്റിന് മുമ്പുള്ള കൺസൾട്ടേഷൻ പ്രക്രിയയുടെ ഭാഗമായി നിലവിലെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ നടപടികളെ കുറിച്ചും പ്രധാനമന്ത്രി മോദി സാമ്പത്തിക ശാസ്ത്രജ്ഞന്മാരുമായും സാമ്പത്തിക വിദഗ്ധരുമായും ഇന്ന് വിശദമായ ചർച്ച നടത്തും. പ്രധാനമന്ത്രി മോദിയുടെ യോഗം രാവിലെ 11- ന് ഡൽഹിയിൽ എൻ‌ടി‌ഐ ആയോഗ് ഓഫീസുകളിൽ നടക്കും.

Read more

സമ്പദ്‌വ്യവസ്ഥ നീണ്ട സാമ്പത്തിക മാന്ദ്യത്തിനും ആയിരക്കണക്കിന് തൊഴിൽ നഷ്ടങ്ങൾക്കും എതിരെ പോരാടുന്ന സമയത്താണ് ബജറ്റ് 2020 വരുന്നത്. 2024- ഓടെ ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുകയെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ ബജറ്റ് കമ്മി മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 3.8 ശതമാനമായി വർദ്ധിക്കാം, നേരത്തെ ഇത് 3.3 ശതമാനം ആയിരിക്കും എന്നാണ് കരുതിയിരുന്നതെന്നാണ് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്.