സാമ്പത്തിക മാന്ദ്യം എങ്ങനെ മറികടക്കാം..? രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്

സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ പിടിച്ചുലയ്ക്കുന്ന വേളയില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അതരിപ്പിക്കും. രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും വളര്‍ച്ചമുരടിപ്പിലൂടെയും കടന്നു പോകുന്ന സാഹചര്യത്തില്‍ ബജറ്റ് പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ മേഖല ഉറ്റുനോക്കുന്നത്. വിവിധ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷ.

സാമ്പത്തിക ഉദാരീകരണവുമായി ശക്തമായി മുന്നോട്ടു പോകണമെന്നാണ് ബജറ്റിനു മുന്നോടിയായി വെള്ളിയാഴ്ച പാര്‍ലമെന്റിന് സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ ആവശ്യപ്പെടുന്നത്. സബ്‌സിഡികള്‍ യുക്തിസഹജമാക്കണമെന്ന നിര്‍ദേശവും സര്‍വേയിലുണ്ട്. ഈ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും ബജറ്റിലുണ്ടായേക്കും. കോര്‍പ്പറേറ്റ് നികുതി കുറച്ചതിന് തുടര്‍ച്ചയായി ആദായനികുതി സ്ലാബില്‍ മാറ്റം വരുത്തുമെന്നാണ് പൊതുവിലുള്ള പ്രതീക്ഷ.

Read more

സാമ്പത്തിക മാന്ദ്യം മറിടക്കുക എന്ന വലിയ വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുള്ളത്. ആദായനികുതിയിലെ ഇളവ് ഉള്‍പ്പടെ മധ്യവര്‍ഗ്ഗത്തെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങള്‍ പൊതുബജറ്റില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ 102 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രം കഴിഞ്ഞ ബജറ്റിന് ശേഷം പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍പദ്ധതികള്‍ ഇത്തവണ പ്രതീക്ഷിക്കാം.