ഉന്നാവൊ: യുവതിയെ തീയിട്ട് കൊലപ്പെടുത്താന്‍ കാരണം വിവാഹ ഉടമ്പടി; പ്രതി ശിവം ത്രിവേദിയെ യുവതി നേരത്തെ വിവാഹം ചെയ്തിരുന്നെന്ന് പൊലീസ്

ഉത്തര്‍പ്രദേശിലെ ഉന്നാവൊയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീകൊളു ത്തി കൊലപ്പെടുത്താന്‍ കാരണം വിവാഹ ഉടമ്പടിയാണെന്ന് പൊലീസ്. പ്രതികളിലൊരാളായ ശിവം ത്രിവേദിയും കൊല്ലപ്പെട്ട യുവതിയും കഴിഞ്ഞ ജനുവരി 15 ന് വിവാഹിതരായിരുന്നെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ ഇരുവരുടെയും കല്ല്യാണത്തെ ശിവം ത്രിവേദിയുടെ കുടുംബം എതിര്‍ത്തിരുന്നെന്നും എന്നാല്‍ ഇത് വകവയ്ക്കാതെയാണ് വിവാഹം നടന്നതെന്നും പൊലീസ് പറഞ്ഞു. വിവാഹ ഉടമ്പടി കൈക്കലാക്കാനും ഇരുവരെയും വേര്‍പെടുത്താനും ശിവം ത്രിവേദിയുടെ ബന്ധുക്കള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ യുവതി ഇതിന് വഴങ്ങിയില്ലെന്നും ഇതാണ് യുവതിയെ കൊലപ്പെടുത്താന്‍ കാരണമായതെന്നും പൊലീസ് പറയുന്നു.

ബ്രാഹ്മണ വിഭാഗത്തില്‍ പെട്ടയാളായ ശിവം ത്രിവേദിയും യുവതിയും തൊട്ടടുത്ത ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. ഉഭയ സമ്മത പ്രകാരം ഉടമ്പടിയും ഉണ്ടാക്കി. ഇതില്‍ പ്രകോപിതരായ ശിവം ത്രിവേദിയുടെ സവര്‍ണ കുടുംബം യുവതിയെ തടവിലാക്കി പീഡിപ്പിച്ചു. പീഡന പരാതിയുമായി എത്തിയപ്പോള്‍ കൊന്നു കളയാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം യുവതിയുടെ വീട്ടില്‍ എത്തി പ്രതികളും ബന്ധുക്കളും ഭീഷണി മുഴക്കി. പിന്നെ കോടതിയിലേക്ക് പോകാന്‍ ഇറങ്ങിയപോള്‍ വലിച്ചിഴച്ചു കൊണ്ടുവന്നു തീ കൊളുത്തി.

ഇക്കാര്യങ്ങള്‍ യുവതിയാണ് പൊലീസിനോട് പറഞ്ഞത്. അതേസമയം പ്രതികള്‍ നല്‍കുന്ന ഒരു പേപ്പറിലും ഒപ്പുവയ്ക്കരുതെന്ന് യുവതി മരിക്കുന്നതിന് മുന്‍പ് തന്നോട് പറഞ്ഞതായി സഹോദരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.