'തഹാവൂർ റാണ ചെറിയ മീൻ'; റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക മുക്കുന്നത് കൊടുംഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ! 26/11 ന്റെ മുഖ്യ സൂത്രധാരനെ വിട്ടുകിട്ടാൻ ഇന്ത്യയ്ക്ക് മുന്നിലിനി വഴികളില്ല

166 പേരുടെ ജീവനെടുത്ത 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ റാണയെയും കൊണ്ടുള്ള പ്രത്യേക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറിയതായി ഇന്നലെ അമേരിക്ക അറിയിച്ചിരുന്നു. നിരവധി വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ റാണയെ ഇന്ത്യയ്ക്ക് വിട്ട് നൽകാൻ തയാറായ അമേരിക്ക, പക്ഷേ മുംബൈ ആക്രമണത്തിന്റെ തലയായി അറിയപ്പെടുന്ന ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്‍ചയ്‍ക്കും തയാറല്ല. ഹെഡ്ലിയെ വേണമെന്ന ഇന്ത്യയുടെ നിരന്തരമായ ആവശ്യം അമേരിക്ക ഇന്നും അവഗണിച്ചുകൊണ്ടിരിക്കുകയാണ്.

മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയിൽ തഹാവൂർ റാണയുടെ പങ്ക് തെളിയിക്കപ്പെട്ടത് തന്നെ അയാളുടെ ബാല്യകാല സുഹൃത്തും ഭീകരാക്രമണ കേസിലെ പ്രധാന പ്രതിയുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ അറസ്റ്റ് ചെയ്തപ്പോഴാണ്. 2016 ൽ യുഎസിലെ ഒരു അജ്ഞാത സ്ഥലത്ത് നിന്ന് വീഡിയോ കോൺഫറൻസിലൂടെ മുംബൈയിൽ പ്രത്യേക ടാഡ കോടതിയിൽ ഡേവിഡ് കോൾമാൻ ഹെഡ്‌ലി മൊഴി നൽകിയിരുന്നു. നിലവിൽ ഭീകരാക്രമണ കേസിൽ അമേരിക്കയിൽ 35 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് പാക്-അമേരിക്കൻ വംശജനായ ഹെഡ്ലി. ഇന്ത്യയിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുമായി യുഎസിൽനിന്നു വിമാനം കയറാൻ ശ്രമിക്കുന്നതിനിടെ എഫ്‌ബിഐ 2009 ൽ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തിലാണു ഹെഡ്‌ലിയെ അറസ്റ്റു ചെയ്തത്.

2002 ൽ താൻ ലഷ്‌കറിൽ ചേർന്നതായും മുംബൈ ആക്രമണത്തിന്റെ പ്രധാന ആസൂത്രകരായ ഹാഫിസ് സയീദ്, സാക്കി-ഉർ റഹ്മാൻ ലഖ്‌വി എന്നിവരുടെ കീഴിൽ പരിശീലനം നേടിയതായും ഹെഡ്‌ലി അന്ന് പറഞ്ഞു. ദാവൂദ് സയ്യിദ് ഗിലാനി എന്ന പേരിൽ ജനിച്ച ഡേവിഡ് ഹെഡ്‌ലി മുംബൈ ആക്രമണത്തിൽ, അറസ്റ്റ് ചെയ്ത ഉടൻ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും എല്ലാ കുറ്റങ്ങൾക്കും കുറ്റസമ്മതം നടത്തുകയും ചെയ്തുവെന്നാണ് യുഎസ് പറയുന്നത്. ഫെഡറൽ ജൂറി ചുമത്തിയ 12 കുറ്റങ്ങളും ഹെഡ്‍ലി സമ്മതിച്ചതിനെ തുടർന്ന് ഇന്ത്യയ്ക്ക് കൈമാറില്ലെന്നും മരണശിക്ഷ നൽകില്ലെന്നും പ്രോസിക്യൂഷൻ ഉറപ്പുനൽകി. തഹാവൂർ റാണയാകട്ടെ, ഇതുവരെ കുറ്റം സമ്മതിക്കുകയോ അമേരിക്കയുമായി സഹകരിക്കുകയോ ചെയ്തിട്ടില്ല.

മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചനയിൽ പാക്ക് വംശജനും കനേഡിയൻ വ്യവസായിയുമായ റാണയ്ക്കു പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച് 2023 മേയ് 18ന് റാണയെ കൈമാറാൻ യുഎസ് തീരുമാനിച്ചത്. ഇതിനെതിരെ യുഎസിലെ വിവിധ ഫെഡറൽ കോടതികളിൽ റാണ നൽകിയ അപേക്ഷ തള്ളിയതോടെ കഴിഞ്ഞ നവംബർ 13ന് റാണ സുപ്രീംകോടതിയെ സമീപിച്ചു. ഫെഡറൽ കോടതികളുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന റിട്ട് അപ്പീൽ 21ന് സുപ്രീംകോടതിയും തള്ളി. ഇതോടെയാണ് റാണയെ ഇന്ത്യയ്ക്കു കൈമാറാൻജനുവരി 25ന് യുഎസ് സുപ്രീംകോടതി അനുമതി നൽകിയത്.

ഹാർഡ്ലിയെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നത് റാണയുടെ ചിക്കാഗോ ആസ്ഥാനമായ ഇമിഗ്രേഷൻ കമ്പനിയാണ്. മുംബൈ ഭീകരാക്രമണത്തിലെ ഗൂഢാലോചനയ്ക്ക് പണവും ലോജിസ്റ്റിക്‌സും നൽകിയതായി ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു. റാണയുടെ ഇമിഗ്രേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതായി നടിച്ച്, സ്ഥലങ്ങൾ പരിശോധിക്കാൻ ഹെഡ്ലി ആക്രമണത്തിന് മുമ്പ് മുംബൈ സന്ദർശിച്ചിരുന്നു. അമേരിക്കയിൽ ഇവരുടെ കൂടിക്കാഴ്ചയിൽ ഹെഡ്‌ലിയും റാണയും ഭാവി പദ്ധതികളെക്കുറിച്ചു ഗൗരവമായി ചർച്ച ചെയ്തു. അക്രമം നടക്കുന്ന സമയത്ത് റാണ ഹെഡ്‌ലിലെ 231 തവണ വിളിച്ചതിൻ്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. നാഷണൽ ഡിഫൻസ് കോളജ്, ഇന്ത്യ ഗേറ്റ്, ജൂത സെൻ്ററുകൾ എന്നിവയും ഇവരുടെ ആക്രമണ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. റാണ, ഹെഡ്‌ലി, ഹാഫിസ് സയീദ്, സാക്കിയൂർ റഹ്‌മാൻ ലഖ്‌വി, സാജിദ് മിർ, മേജർ ഇഖ്ബാൽ എന്നിവരാണു പദ്ധതിയിട്ടത്.

അമേരിക്കൻ സർക്കാരിൻ്റെയും പാക് ചാര സംഘടനയായ ഐഎസ്ഐയുടെയും ഡബിൾ ഏജന്റായാണ് ഹെഡ്‌ലി പ്രവർത്തിച്ചതെന്നു കേന്ദ്രസർക്കാരിലെ മുൻ ഹോം സെക്രട്ടറി ജികെ പിള്ള ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. റാണ ഒരു ചെറിയ കളിക്കാരൻ മാത്രമാണെന്നാണ് ജികെ പിള്ള പറയുന്നത്. മുഖ്യസൂത്രധാരനായ ഹെഡ്ലിയെ തൊടാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 2009ൽ എഫ്ബിഐ ഹെഡ്‌ലിയെ പിടികൂടിയെങ്കിലും ഒരു കേസിന്റെ പ്രോസിക്യൂഷൻ സാക്ഷിയാക്കുക മാത്രമാണുണ്ടായത്.

ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് സൂചനയുണ്ടായിരുന്നെന്നും പിള്ള പറയുന്നു. മുംബൈ ആക്രമണത്തിനു ശേഷവും ഹെഡ്‌ലി ഇന്ത്യയിലെത്തി. ഭീകരവാദവുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ അറസ്റ്റ് ചെയ്യാമായിരുന്നു. അന്ന് അമേരിക്ക ഇന്ത്യയെ വഞ്ചിച്ചെന്നും അദ്ദേഹം പറയുന്നു. ആക്രമണത്തിനുശേഷം ഇന്ത്യ സർന്ദർശിച്ച ഹെഡ്‌ലി യുഎസ് പാസ്പോർട്ട് ഉപയോഗിച്ച് പാകിസ്താനിലേക്കു പോയി. യുഎസ് പാസ്പോർട്ട് ഉണ്ടായിരുന്നതുകൊണ്ടാണ് ഇന്ത്യ സംശയിക്കാതിരുന്നത്. അമേരിക്ക അദ്ദേഹത്തിന്റെ പാക് ഐഡൻ്റിറ്റി മറച്ചുവച്ചു. പിന്നീട് ഇന്ത്യയിലെത്തിയപ്പോഴെല്ലാം നിരീക്ഷണത്തിലാക്കാനെങ്കിലും കഴിയുമായിരുന്നെന്നും പിള്ള അഭിമുഖത്തിൽ പറയുന്നു.

എന്നാൽ ഇപ്പോൾ ഇയാൾക്ക് അമേരിക്കൻ ഉദ്യോഗസ്ഥർ പുതിയ ഐഡൻ്റിറ്റി നൽകിയെന്നും ഔദ്യോഗിക റെക്കോഡുകളെല്ലാം തേച്ചുമാച്ചെന്നും പറയുന്നു. ഇയാൾ ഇപ്പോൾ എവിടെയുണ്ട് എന്നതിനും വ്യക്തതയില്ല. 2018 ൽ, ഒരു ജയിൽ ആക്രമണത്തിൽ ഹെഡ്‌ലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സഹതടവുകാരായിരുന്നു ആക്രമിച്ചത്. പിന്നീട് ഹെഡ്ലിയെ പറ്റി ലോകത്തിന് വലിയ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ കൈമാറാൻ ഉള്ള എട്ട് പേരുടെ പട്ടികയിലും ഹെഡ്ലിയുടെ പേരുണ്ടായിരുന്നു. എന്നാൽ ആ പട്ടികയിലുള്ളത് ആരുടെ കാര്യത്തിലും പിന്നീട് നീക്കങ്ങളുണ്ടായില്ല. അൻമോൾ ബിഷ്ണോയി, ഗോൾഡി ബ്രാർ എന്നിവരും പട്ടികയിലുണ്ട്. സഎൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിൻ്റെ കൊലപാതക ഗൂഢാലോചനയിലെ മുഖ്യ സൂത്രധാരനാണ് അൻമോൾ. പഞ്ചാബി ഗായകൻ സിന്ധു മൂസ വാല കൊലക്കേസിലെ മുഖ്യപ്രതിയാണ് ഗോൾഡി ബ്രാർ.