അദാനി ഗ്രൂപ്പിനെതിരായ അഴിമതിക്കേസിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്. സൗരോർജ കരാറുകൾ ഉറപ്പിക്കുന്നതിനായി യുഎസിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അദാനി ഗ്രീൻ എനർജി കൈക്കൂലി നൽകിയെന്നാണ് കേസ്. ഗൗതം അദാനി, സാഗർ അദാനി എന്നിവർ ഇന്ത്യയിലായതിനാൽ കേസ് അന്വേഷണത്തിന് ഇന്ത്യൻ നിയമ മന്ത്രാലയത്തിന്റെ സഹായം തേടിയെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ന്യൂയോർക്ക് കോടതിയെ അറിയിച്ചു.
265 ദശലക്ഷം ഡോളറിന്റെ അഴിമതി ആരോപണമാണ് അദാനി ഗ്രൂപ്പിനെതിരെ ഉയർന്നത്. ഗൗതം അദാനി, സാഗർ അദാനി, ഗ്രീൻ എനർജിയുടെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഗൂഢാലോചന, വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. 2 ബില്യൻ ഡോളറിലധികം മൂല്യമുള്ള സൗരോർജ കരാറുകൾ സ്വന്തമാക്കുന്നതിനാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നാണ് കേസ്. പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.