പാര്‍ലമെന്റ് മന്ദിരത്തില്‍ വാസ്തു ദോഷം; ഭൂമിക്കടിയില്‍ ചെമ്പ് കമ്പി സ്ഥാപിക്കണം; ഉപദേശകന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായി

പാര്‍ലമെന്റ് മന്ദിരത്തില്‍ വാസ്തു ദോഷമുണ്ടെന്ന് പറഞ്ഞ് കുപ്രസിദ്ധി നേടിയ വാസ്തു വിദഗ്ധന്‍ ഖുശ്ദീപ് ബന്‍സാല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായി. വാസ്തു ഉപദേശകന്‍ ഖുശ്ദീപ് ബന്‍സാല്‍ ആണ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നാണ് ഖുശ്ദീപിനെയും സഹോദരനെയും അറസ്റ്റ് ചെയ്തത്.

ആസാം പൊലീസിന്റെയും ഡല്‍ഹി പൊലീസിന്റെയും സംയുക്ത സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 65 കോടി തട്ടിയെടുത്തതായാണ് ഖുശ്ദീപിനും സഹോദരനും എതിരെയുള്ള പരാതി. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ട്രേഡിംഗ് കമ്പനി ഉടമയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

Read more

പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തിന് വാസ്തു ദോഷമുണ്ടെന്ന് പറഞ്ഞാണ് ഖുശ്ദീപ് കുപ്രസിദ്ധി നേടുന്നത്. വാസ്തു ദോഷമുള്ളതിനാലാണ് സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കാതെ പുറത്ത് പോകുന്നതിന് കാരണമെന്നായിരുന്നു ഖുശ്ദീപിന്റെ പരാമര്‍ശം. 1997ല്‍ ആയിരുന്നു ഖുശ്ദീപിന്റെ പരാമര്‍ശം. പാര്‍ലമെന്റിനും ലൈബ്രറി കെട്ടിടത്തിനും ഇടയില്‍ ചെമ്പ് കമ്പികള്‍ കുഴിച്ചിട്ടാല്‍ സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നായിരുന്നു ഇയാളുടെ വാദം.