സുരക്ഷയ്ക്കായി സ്ത്രീകള്‍ തോക്ക് കൈവശം വെക്കേണ്ട ആവശ്യമില്ല, അവരെ മറ്റുള്ളവര്‍ സംരക്ഷിക്കുമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു

തോക്ക് പോലുള്ള ആയുധം സ്ത്രീകള്‍ കൈവശം വെയ്ക്കേണ്ടതില്ലന്നും അവരെ മറ്റുള്ളവര്‍ സംരക്ഷിച്ചു കൊള്ളുമെന്നും ഉപരാഷ്ട്രപതിയും രാജ്യസഭ അദ്ധ്യക്ഷനുമായ എം. വെങ്കയ്യ നായ്ഡു.

ആയുധ ഭേദഗതി ബില്ലില്‍ സംസാരിക്കാന്‍ രണ്ട് വനിതാ എം.പിമാര്‍ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു നായിഡു ഈ പരാമര്‍ശം നടത്തിയത്. ഒരു വ്യക്തിക്ക് കൈവശം വെയ്ക്കാവുന്ന ലൈസന്‍സുള്ള തോക്കുകളുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ടായി കുറച്ചു കൊണ്ടുള്ള ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയിരുന്നു.

“”എന്റെ അഭിപ്രായത്തില്‍, സ്ത്രീകള്‍ക്ക് തോക്കുകള്‍ ആവശ്യമില്ല, മറ്റുള്ളവര്‍ നിങ്ങളെ സംരക്ഷിക്കും,”” നായിഡു പറഞ്ഞു. ചര്‍ച്ചയ്ക്ക് അനുവദിച്ച സമയം അവസാനിച്ചുവെങ്കിലും രണ്ട് പേരില്‍ ഒരാള്‍ക്ക് സംസാരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ബി.ജെ.പി, എം.പി രൂപ ഗാംഗുലി താന്‍ കുട്ടിക്കാലം മുതല്‍ തോക്കുകള്‍ ഉപയോഗിക്കുന്നയാളാണെന്നും ഒരു കായിക വിനോദമെന്ന നിലയില്‍ ആസ്വദിച്ചിട്ടുണ്ടെന്നും സഭയില്‍ പറഞ്ഞു.

Read more

ആയുധ ഭേദഗതി ബില്‍ പ്രകാരം ഒരാള്‍ക്ക് കൈവശം വെയ്ക്കാവുന്ന ലൈസന്‍സുള്ള തോക്കുകളുടെ എണ്ണം രണ്ടായി കുറച്ചിട്ടുണ്ട്. അനധികൃതമായി ആയുധം നിര്‍മ്മിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നവര്‍ക്ക് ഏഴു മുതല്‍ 14 വര്‍ഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പൊലീസ് ഉദ്യോഗസ്ഥരുടെ ആയുധം തട്ടിയെടുത്താല്‍ ജീവപര്യന്തം ശിക്ഷയും ബില്‍ വ്യവസ്ഥ ചെയ്യുന്നു.