വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ വിജയ് സുപ്രീംകോടതിയില്‍; ഏപ്രില്‍ 16ന് കോടതി ഹര്‍ജി പരിഗണിക്കും

വഖഫ് നിയമ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ് സുപ്രീംകോടതിയെ സമീപിച്ചു. തമിഴ്‌നാട് സര്‍ക്കാരും ഡിഎംകയും ബില്ലിനെ ചോദ്യം ചെയ്ത് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചുകൊണ്ടാണ് ഹരജി നല്‍കിയത്. വഖഫ് ബില്ലിനെതിരെ തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വിജയ് കോടതിയെ സമീപിക്കുന്നത്.

മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ ഇതോടകം സുപ്രീം കോടതിയില്‍ ലഭിച്ചു. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികള്‍ സുപ്രിംകോടതി ഈ മാസം 16ന് പരിഗണിക്കും.

Read more

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഹരജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.